കെ ജി ജോർജിന്റെ മാസ്റ്റർപീസ് സിനിമയാണ് 1982ല്‍ പുറത്തിറങ്ങിയ 'യവനിക'. തബലിസ്റ്റ് അയ്യപ്പന്‍ എന്നയാളുടെ കൊലപാതകവും അത് അന്വേഷിക്കുന്നതും പ്രേമേയമായി വരുന്ന ചിത്രം മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ക്ലാസിക് മിസ്റ്ററി ത്രില്ലർ കൂടിയാണ്. അന്നത്തെ വാണിജ്യ സിനിമകളിൽ നിന്നും റിയലിസത്തിന്റെ മറ്റൊരു തലമായിരുന്നു യവനിക.
ആ യവനികയുടെ പോസ്റ്റർ പുനരാവിഷ്ക്കരിച്ചിരിക്കുകയാണ് ശംഭു എന്ന ആർട്ടിസ്റ്റ്.
"ഇത് ഞാൻ യവനികയ്ക്കു വേണ്ടി ചെയ്ത ഒരു ട്രിബ്യൂട് പോസ്റ്റർ ആണ്. കുറേ നാളുകൾക്കു ശേഷമാണ് യവനിക വീണ്ടും കാണുന്നത്. 39 വർഷങ്ങൾക്കു മുമ്പ് ഇതുപോലൊരു മികച്ച സിനിമ മലയാളത്തിൽ ഇറങ്ങി എന്നാലോചിക്കുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു.
തബലിസ്റ്റ് അയ്യപ്പനായി ഭരത് ഗോപി സർ ജീവിക്കുകയാണോ എന്നുപോലും തോന്നിപോയി " എന്ന തലക്കെട്ടോട് കൂടിയാണ് ഗ്രാഫിക്സ് ആര്‍ട്ടിസ്റ്റും പോസ്റ്റര്‍ ഡിസൈനറുമായ ശംഭു വിജയകുമാർ Malayalam Movie & Music DataBase (m3db) ഫേസ്ബുക് ഗ്രൂപ്പിൽ ട്രിബ്യൂട് പോസ്റ്റർ അപ്‌ലോഡ് ചെയ്തത്.
യവനികയിൽ ഭരത് ഗോപി അവതരിപ്പിച്ച ശ്രദ്ധേയമായ കഥാപാത്രം തബലിസ്റ്റ് അയ്യപ്പനെ അനുസ്മരിച്ചാണ് പോസ്റ്റർ തയാറാക്കിയിരിക്കുന്നത്. ഇത്തരത്തിലൊരു ഗംഭീര പോസ്റ്റര്‍ കാണാനായതില്‍ സന്തോഷമുണ്ടെന്ന് ഭരത് ഗോപിയുടെ മകനും നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി കമന്റ് ചെയ്തു. അദ്ദേഹം അത് സോഷ്യൽ മീഡിയയിൽ െഷയർ ചെയ്തു.
കഥയും തിരക്കഥയും സംവിധാനംവും കെ ജി ജോർജ് നിർവഹിച്ച ചിത്രം 1982 ഏപ്രില്‍ 30നാണ് റിലീസ് ചെയ്തത്. ചിത്രത്തിൽ ഭരത് ഗോപി , നെടുമുടി വേണു, തിലകന്‍, മമ്മൂട്ടി, ജലജ, വേണു നാഗവള്ളി, ജഗതി ശ്രീകുമാര്‍, ശ്രീനിവാസന്‍, അശോകന്‍ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു. ഗോപി തബലിസ്റ്റ് അയ്യപ്പനായി പരകായപ്രവേശം നടത്തിയപ്പോൾ കൊലപാതകം അന്വേഷിക്കാനെത്തിയ ഇന്‍സ്‌പെക്ടര്‍ ജേക്കബ് ഊരാളി എന്ന കഥാപാത്രത്തെയാണ് മമ്മുട്ടി അവതരിപ്പിച്ചത്. വക്കച്ചൻ എന്ന കഥാപാത്രത്തിന് 1982ലെ മികച്ച രണ്ടാമത്തെ നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിക്കുകയും ചെയ്തു.
എസ്എല്‍ പുരം സദാന്ദൻ സംഭാഷണം നിർവഹിച്ച യവനികക്ക് മികച്ച ചിത്രം, മികച്ച കഥ എന്നിവയ്ക്കുള്ള കേരള സംസ്ഥാന അവാര്‍ഡുകളും ചിത്രത്തിനു ലഭിച്ചിരുന്നു.
Comments