കലാമൂല്യമുള്ള എൻട്രികൾ ലഭിക്കാത്തതിനാൽ മികച്ച സീരിയലിന് അവാർഡ് നൽകേണ്ടെന്ന 2020ലെ സംസ്ഥാന ടെലിവിഷൻ അവാർഡ് ജൂറി തീരുമാനത്തെ അഭിനന്ദിച്ച് വുമൺ ഇൻ സിനിമ കളക്റ്റീവ്.
ജൂറി തീരുമാനത്തെ ചരിത്രപരമെന്നാണ് WCC വിശേഷിപ്പിച്ചത്.
"സ്ത്രീകളെയും കുട്ടികളെയും മോശമായി ചിത്രീകരിച്ചതിൻ്റെ പേരിൽ മികച്ച സീരിയൽ അവാർഡുകൾ വേണ്ടെന്ന് വച്ച ജൂറി തീരുമാനം ചരിത്രപരമാണ്. ധീരമായ ആ തീരുമാനം ഞങ്ങൾ ഉയർത്തിപ്പിടിക്കുന്നു. നെഞ്ചോട് ചേർക്കുന്നു. ആ തീരുമാനമെടുത്ത ജൂറിക്കും അതിന് അർഹമായ ബഹുമതികളോടെ അംഗീകാരം നൽകിയ സർക്കാറിനും WCC യുടെ അഭിനന്ദനങ്ങൾ. ഇത്തരം ആർജ്ജവമുള്ള തീരുമാനങ്ങളാണ് ചരിത്രത്തിൽ വലിയ തിരുത്തലുകൾക്ക് തുടക്കം കുറിക്കുന്നത്.
വൻമൂലധനത്തിൻ്റെ അകമ്പടിയും അധികാരവുമുണ്ടെങ്കിൽ എത്ര തന്നെ മനുഷ്യത്വ വിരുദ്ധമായ ഉള്ളടക്കവും കലയുടെ പേരിൽ വിറ്റഴിക്കാനും അതിന് അംഗീകാരം നേടാനും കഴിയും എന്ന ധാർഷ്ട്യത്തിനാണ് ഈ തിരുത്ത് പ്രഹരമേല്പിച്ചിരിക്കുന്നത്. കലയിൽ കാഴ്ചപാടുകളും ഉള്ളടക്കവും പ്രധാനമാണ് എന്ന നിലപാട് സെൻസർഷിപ്പല്ല, മറിച്ച് പണത്തിൻ്റെയും അധികാരത്തിൻ്റെയും ബലത്തിൽ എന്തുമാകാം എന്ന സാംസ്കാരിക മലിനീകരണത്തിന് തടയിടലാണ്. അതിൻ്റെ പേരാണ് നവോത്ഥാനം. ഡബ്ലു.സി.സി. അതിനൊപ്പമാണ്. ഉള്ളടക്കം ഏത് കലയുടെയും ജീവശ്വാസമാണ്"
സോഷ്യൽ മീഡിയയിലെ പ്രസ്താവനയിൽ WCC നിലപാട് വ്യക്തമാക്കി.
Comments