എൺപതുകളിൽ മലയാളി യുവത്വത്തിന്റെ മുഖമായിരുന്ന, നടനും തിരക്കഥാകൃത്തുമായിരുന്ന വേണു നാഗവള്ളി ഓർമയായിട്ട് 11 വർഷം വർഷം തികയുന്നു.
ജീവിതത്തിൽ എങ്ങുമെത്താൻ സാധിക്കാതെ പോയ വിഷാദ യൗവനത്തിന്റെ കണ്ണുകളും നനുത്ത പുഞ്ചിരിയും പാറിപ്പറന്ന മുടിയുമായി അന്നുവരെയുള്ള നായക സങ്കല്പങ്ങളെ പൊളിച്ചെഴുതിക്കൊണ്ടാണ് കെ ജി ജോർജിന്റെ 'ഉൾക്കടൽ' എന്ന സിനിമയിലൂടെ വേണു നാഗവള്ളി മലയാള ചലച്ചിത്ര രംഗത്തേക്ക് കടന്നു വന്നത്.
ഓൾ ഇന്ത്യ റേഡിയോയിൽ അനൗൺസർ ആയിരുന്ന കാലത്ത് സുഹൃത്ത് പദ്മരാജൻ വഴിയാണ് വേണു നാഗവള്ളി കെ ജി ജോർജിന്റെ 'രാഹുലൻ' ആയി മാറുന്നത്. അതിനു മുൻപ് 'ചോറ്റാനിക്കര അമ്മ' എന്ന ചിത്രത്തിൽ ഒരു ഗായകൻ ആയിട്ടായിരുന്നു സിനിമയിലേക്കുള്ള അരങ്ങേറ്റം. പിന്നീട് നടൻ, തിരക്കഥാകൃത്ത്, സംവിധായകൻ എന്നീ നിലകളിലെല്ലാം വേണു നാഗവള്ളി തിളങ്ങി.
ഉൾക്കടലിലെ രാഹുലനും, 'ശാലിനി എന്റെ കൂട്ടുകാരി' യിലെ പ്രഭയും വേണു നാഗവള്ളി എന്ന നടനെ ജനകീയനാക്കി.
ഒരേ പോലെയുള്ള കഥാപാത്രങ്ങളായിരുന്നു പിന്നീടങ്ങോട്ട് അദ്ദേഹത്തെ തേടി എത്തിയത് എങ്കിലും തന്നെ ഏല്പിക്കുന്ന കഥാപാത്രങ്ങളോട് നീതി പുലർത്താൻ വേണു നാഗവള്ളിക്ക് സാധിച്ചു. 1982 ൽ പുറത്തിറങ്ങിയ കെ ജി ജോർജിന്റെ 'യവനിക'യിൽ ചെയ്ത നായകനോ പ്രതിനായകനോ അല്ലാത്ത കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. 1989 ൽ പുറത്തിറങ്ങിയ ദേവദാസ് എന്ന സിനിമയിലായിരുന്നു വേണു നാഗവള്ളിയുടെ അവസാനത്തെ നായക വേഷം.
1978 ൽ 'ഈ ഗാനം മറക്കുമോ' എന്ന ചിത്രത്തിന് വേണ്ടിയാണ് വേണ്ടു നാഗവള്ളി ആദ്യമായി തിരക്കഥ എഴുതുന്നത്. മലയാളത്തിലെ എക്കാലത്തെയും സൂപ്പർ ഹിറ്റ് ചിത്രമായ കിലുക്കത്തിന് തിരക്കഥ ഒരുക്കിയതും വേണു നാഗവള്ളിയാണ്. കളിപ്പാട്ടം, വിഷ്ണു, ആയിരപ്പറ, കിഴക്കുണരും പക്ഷി, ഏയ് ഓട്ടോ, സർവകലാശാല തുടങ്ങി പത്തിലധികം ചിത്രങ്ങൾക്ക് അദ്ദേഹം തിരക്കഥ എഴുതി.
വേണു നാഗവള്ളി തന്റെ ഹൃയത്തോട് ചേർത്ത് വെച്ച ഒരു നിഷ്കളങ്ക പ്രണയമുണ്ട്. ആ പ്രണയ നഷ്ടത്തിന്റെ കഥയാണ് അദ്ദേഹം ആദ്യമായി സംവിധാനം ചെയ്ത 'സുഖമോ ദേവി'. ജീവിതാനുഭവങ്ങളിലേക്ക് തന്റെ ക്യാമറ തിരിച്ചു വെച്ചപ്പോൾ വിടർന്ന പൂവാണ് സുഖമോ ദേവി എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. സംവിധാനം ചെയ്ത സിനിമകളിൽ അദ്ദേഹത്തിന് ഏറ്റവും പ്രിയപ്പെട്ടത് 'ലാൽ സലാം' ആയിരുന്നു.
ജീവിതത്തിൽ, നാട്യങ്ങളില്ലാത്ത പച്ചയായ മനുഷ്യനായിരുന്നു അദ്ദേഹം. നാടകകൃത്തും ആകാശവാണിയിലെ ഉദ്യോഗസ്‌ഥനുമായ അച്ഛൻ നാഗവള്ളി ആർ എസ് കുറുപ്പിന്റെ മകൻ കലാരംഗത്തേക്ക് വന്നതിൽ തെല്ലും അതിശയോക്തി ഉണ്ടായിരുന്നില്ല. എം ടി യുടെ കഥകൾ വായിച്ച് അതിലെ കഥാപാത്രമാണെന്ന് കരുതി ജീവിച്ച വേണു നാഗവള്ളിയെ 'സെന്റിമെന്റൽ ഇഡിയറ്റ്' എന്നാണ് അച്ഛൻ വിളിച്ചിരുന്നത്.
ജീവിതത്തിൽ ഒരു കള്ളം പോലും പറയാത്ത, പെട്ടെന്ന് കരയുന്ന പെട്ടെന്ന് ദേഷ്യം വരുന്ന വേണുനാഗവള്ളിയുടെ വിഷാദ ഛായയെ കുറിച്ച് കൈരളിയുടെ ഒരു അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞത് "അത് വിഷാദമല്ല എന്നെ ആരും മനസിലാക്കുന്നില്ലല്ലോ എന്ന നിസ്സഹായതയാണ് " എന്നാണ്.
"എന്നെ സംബന്ധിച്ചിടത്തോളം വേണു ചേട്ടൻ ഒരു പരിപൂർണനായ ഭർത്താവും ഒരു പരിപൂർണനായ അച്ഛനുമായിരുന്നു. സാധാരണക്കാരിൽ സാധാരണക്കാരനായ ഒരു മനുഷ്യൻ ആയിരുന്നു. സിനിമയുടെ പകിട്ടാന്നും വേണുച്ചേട്ടനെ ബാധിച്ചിരുന്നില്ല. വേണു ചേട്ടന്റെ കുട്ടിക്കാലം ഒരുപാട് സെലിബ്രിറ്റീസ് ന്റെ കൂടെ ഇടപഴകിയതാണ്. അതുകൊണ്ട് തന്നെ വേണു ചേട്ടന് ഇതൊന്നും ഒരു സംഭവം ആയിരുന്നില്ല. എനിക്കും മകനും വേണുച്ചേട്ടന്റെ ഓർമകളിലൂടെ ഉള്ള ഒരു യാത്രയാണ് ഈ വാർഷിക ദിനം" വേണുനാഗവള്ളിയുടെ ഭാര്യ മീര നാഗവള്ളി popadom.in നോട് പറഞ്ഞു.
"ജീവിതത്തിൽ അച്ഛൻ വെച്ചു പുലർത്തുന്ന ചില മൂല്യങ്ങൾ ഉണ്ട്. ഏതൊരു അവസ്ഥയിലും അതിലൊരു വിട്ടുവീഴ്ച്ച അച്ഛൻ വരുത്തിയിട്ടില്ല.സിനിമയിൽ നിന്നു തിക്താനുഭവങ്ങൾ വന്നപ്പോൾ പോലും അച്ഛൻ എവിടെയും അടിയറവു പറയുമായിരുന്നില്ല. How you can survive, how you can stand firmly, for what you really belived in. അത് ഞാൻ പഠിച്ചത് അച്ഛനിൽ നിന്നാണ്. അച്ഛന്റെ മകൻ എന്ന നിലയിൽ എനിക്ക് ഒരുപാട് അനുഗ്രഹങ്ങൾ ലഭിച്ചിട്ടുണ്ട്. അതിൽ ഏറ്റവും വലുത് ഇന്നും എവിടെ ചെന്നാലും അച്ഛന്റെ പേരിൽ ഞാൻ അറിയപ്പെടുന്നു എന്നതാണ്"
വേണു നാഗവള്ളിയുടെ മകൻ വിവേക് അഭിമാനത്തോടെ പറയുന്നു.
Comments