ഭരതന്റെ സംവിധാനത്തിൽ കമൽഹാസനും ശിവാജി ഗണേഷനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച തേവർ മകന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നു. ആദ്യ ഭാഗത്തിലെ പോലെ കമൽഹാസന്റെ തന്നെയാണ് തിരക്കഥ. കമലിന്റെ വിശ്വരൂപം എഡിറ്റ് ചെയ്ത, മലയാളത്തിലെ മുൻനിര സംവിധായകൻ കൂടിയായ മഹേഷ് നാരായണൻ ചിത്രം സംവിധാനം ചെയ്യും എന്നാണ് റിപ്പോർട്ടുകൾ. ഒപ്പം ഫഹദ് ഫാസിലും ഉണ്ടാകുമെന്ന് സൂചനയുണ്ട്.
1992 ൽ റിലീസ് ചെയ്ത 'തേവർ മകൻ' കമൽഹാസന്റെ കരിയറിന്റെ മാത്രമല്ല ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ തന്നെ ഒരു നാഴികക്കല്ലാണ്. തേവർ മകന്റെ രണ്ടാം ഭാഗം ഇങ്ങനെയൊരു കൂട്ടുകെട്ടിലൂടെ ഒരുങ്ങുന്നു എന്ന വാർത്ത വലിയ പ്രതീക്ഷകളാണ് സിനിമാ മേഖലക്ക് അകത്തും പുറത്തും ഉണ്ടാക്കിയിട്ടുള്ളത്. 'വിക്രം' എന്ന കമലിന്റെ പുതിയ സിനിമയിലും ഫഹദ് ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
"നല്ല അഭിനേതാക്കളുടെ കൂടെ അഭിനയിക്കുമ്പോൾ താൻ വളരെ കംഫർട്ടബിൾ ആണ്. അത് സിനിമക്കും ഗുണം ചെയ്യും. ഫഹദ് ഫാസിൽ, പൃഥ്വിരാജ് എന്നിവരൊക്കെ സുഹൃത്തുക്കൾ മാത്രമല്ല കുടുംബം പോലെയാണ്" എന്നാണ് മാതൃഭൂമി ന്യൂസിന് അനുവദിച്ച അഭിമുഖത്തിൽ കമൽ പറഞ്ഞത്.
"മഹേഷ് നാരായണനു വേണ്ടി എഴുതുകയാണ്. ഇവരൊക്കെ നമ്മുടെ ആൾക്കാരാണ്. അതുകൊണ്ട് തന്നെ പ്രമോട്ട് ചെയ്യണമെന്നുണ്ട് "
ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും എന്നാണ് റിപ്പോർട്ടുകൾ.
Comments