കാണാൻ ഭംഗി ഉള്ളതാണെങ്കിലും പലപ്പോഴും കാണുന്നവരിൽ അസ്വസ്ഥതയുണ്ടാക്കുന്ന ജീവിയാണ് പുഴു. പേരിനെ അന്വർത്ഥമാക്കും വിധം ഒരുതരം അസ്വസ്ഥത കാഴ്ചക്കാരിലും നിറയ്ക്കുന്നതാണ് SonyLiv-ൽ റിലീസ് ചെയ്ത 'പുഴു' എന്ന സിനിമ. ചിത്രത്തിൽ മുഴുനീള നെഗറ്റീവ് കഥാപാത്രമായെത്തുന്ന മമ്മൂട്ടി ഞെട്ടിക്കുന്ന പ്രകടനമാണ് കാഴ്ച്ചവെക്കുന്നത്. മമ്മൂട്ടിയുടെ സഹോദരി കഥാപാത്രമായി പാർവതി തിരുവോത്തും ചിത്രത്തിലുണ്ട്. നവാഗതയായ റത്തീനയാണ് ചിത്രം സംവിധാനം ചെയ്തത്.
പ്രമേയമാണ് പുഴുവിനെ മികച്ചതാക്കുന്നത്. ഒട്ടും പ്രതീക്ഷിക്കാത്ത തുടക്കം. അവിടം മുതൽ തന്നെ സിനിമയുടെ രാഷ്ട്രീയം എന്താണെന്ന് പ്രേക്ഷകർക്ക് മനസിലായി തുടങ്ങുന്നു. ട്രെയ്ലറിലും ടീസറിലും കണ്ട ടോക്സിക് പേരെന്റിംഗ് മുതൽ ജാതി രാഷ്ട്രീയം വരെ. കാലിക പ്രസക്തമായ വിഷയങ്ങൾ ആണ് 'പുഴു' ചർച്ച ചെയ്യുന്നത്.
അടുപ്പമുള്ളവർ കുട്ടൻ എന്നു വിളിക്കുന്ന റിട്ടയേഡ് ഐപിഎസ് ഉദ്യോഗസ്ഥനെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ഉയർന്ന ജാതി - സാമ്പത്തിക ചുറ്റുപാടിൽ ജീവിക്കുന്നയാൾ. ഭാര്യയുടെ മരണശേഷം വളരെ അച്ചടക്കത്തോടെ മകനെ വളർത്താൻ ശ്രമിക്കുകയും തന്റെ ഇഷ്ടങ്ങൾ മകനിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന ഒരു അച്ഛനാണ് അയാൾ. ആരോ അപായപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന ഭയവും അരക്ഷിതാവസ്ഥയും അയാൾക്കുണ്ട്. അസ്വഭാവികമായി തോന്നിപ്പിക്കുന്ന അയാളുടെ ജീവിതപരിസരം മികവുറ്റ രീതിയിൽ അവതരിപ്പിക്കാൻ സംവിധായികയ്ക്ക് സാധിച്ചിട്ടുണ്ട്.
ഇഷ്ടപ്പെട്ട പങ്കാളിക്കൊപ്പം ജീവിക്കാൻ വീട് വിട്ട് ഇറങ്ങിയ സഹോദരി കഥാപാത്രമാണ് പാർവതിയുടേത്. താഴ്ന്ന ജാതിയിൽപ്പെട്ട ഒരാളോടൊപ്പം തന്റെ സഹോദരി തന്നിഷ്ടപ്രകാരം ജീവിതം തെരഞ്ഞെടുത്തത് അയാളെ കൂടുതൽ അസ്വസ്ഥനാക്കുന്നു. സവർണ മനോഭാവവും ജാതിചിന്തയും വെച്ച് ജീവിക്കുന്ന അയാൾക്ക് സഹോദരീ ഭർത്താവിനെ അംഗീകരിക്കാൻ ബുദ്ധിമുട്ടായിരുന്നു. കാലം എത്ര മാറിയാലും മനുഷ്യ മനസ്സിൽ മാറാതെ നിൽക്കുന്ന ജാതിയുടെ, വെറുപ്പിന്റെ രാഷ്ട്രീയം എന്ന യാഥാർത്ഥ്യത്തിലേക്കാണ് സിനിമ വിരൽ ചൂണ്ടുന്നത്.
'ഉണ്ട' യുടെ തിരക്കഥയൊരുക്കിയ ഹർഷദ് ആണ് 'പുഴു' വിന്റെ കഥ എഴുതിയത്. ഹർഷദിനൊപ്പം ഷറഫുവും സുഹാസും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പലയിടത്തും അനുഭവപ്പെടുന്ന ഇഴച്ചിൽ ചിത്രത്തിന്റെ ആസ്വാദനത്തെ ബാധിക്കുന്നതായി അഭിപ്രായം ഉണ്ടെങ്കിലും മമ്മൂട്ടിയുടെ പ്രകടനം അതിനെയെല്ലാം മറികടക്കുന്നു. കഥാപാത്രത്തിന്റെ മാനസിക സംഘർഷങ്ങൾ കൃത്യമായി വരച്ചിടാൻ തിരക്കഥാകൃത്തുക്കൾക്ക് സാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ. ജെയ്ക്സ് ബിജോയുടെ പശ്ചാത്തല സംഗീതവും തേനി ഈശ്വറിന്റെ ദൃശ്യങ്ങളും ചിത്രത്തിനോട് നൂറ് ശതമാനവും നീതി പുലർത്തുന്നു.
മമ്മൂട്ടിയുടെ മകനായി ചിത്രത്തിലെത്തുന്ന മാസ്റ്റർ വാസുദേവ്, പാർവതിയുടെ ഭർത്താവായ കുട്ടപ്പനായി അഭിനയിച്ച നാടക നടൻ അപ്പുണ്ണി ശശി എന്നിവരുടെ അഭിനയ മികവും 'പുഴു' വിലൂടെ ചർച്ചയാകും.
Comentarios