പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത 'കടുവ'യിലെ, ഭിന്നശേഷിയുള്ള കുട്ടികളെയും അവരുടെ മാതാപിതാക്കളേയും അവഹേളിക്കുന്ന തരത്തിലുള്ള സംഭാഷണം വിവാദമായ പശ്ചാത്തലത്തില്‍ ക്ഷമാപണവുമായി പൃഥ്വിരാജും ഷാജി കൈലാസും. മാപ്പ് ചോദിച്ചുകൊണ്ടുള്ള ഷാജി കൈലാസിന്റെ കുറിപ്പ് ഷെയര്‍ ചെയ്താണു പൃഥ്വിരാജും മാപ്പ് ചോദിച്ചത്.
'ആ സംഭാഷണശകലം ഒരു കൈപ്പിഴയാണ്. മനുഷ്യസഹജമായ തെറ്റായി കണ്ട് പൊറുക്കണം എന്ന് മാത്രമാണ് അഭ്യര്‍ത്ഥിക്കാനുള്ളത്. അങ്ങനെയൊരു സംഭാഷണം എഴുതുമ്പോള്‍ തിരക്കഥാകൃത്ത് ജിനുവോ അത് പറയുമ്പോള്‍ നായകനായ പൃഥ്വിരാജോ ആ സീന്‍ ഒരുക്കുമ്പോള്‍ ഞാനോ അതിന്റെ മറ്റ് വശങ്ങളെക്കുറിച്ച് ചിന്തിച്ചില്ല എന്നതാണ് സത്യം.
വില്ലന്റെ ചെയ്തികളുടെ ക്രൂരത എത്രത്തോളമുണ്ടെന്ന് അയാളെയും കാണികളെയും ബോധ്യപ്പെടുത്തണം എന്ന ഉദ്ദേശ്യം മാത്രമാണ് അതിന് പിന്നിലുണ്ടായിരുന്നത്. നമ്മള്‍ ചെയ്യുന്നതിന്റെ ഫലം നമ്മുടെ അനന്തരതലമുറയാണ് അനുഭവിക്കുകയെന്ന വാക്കുകള്‍ കാലങ്ങളായി നാം കേള്‍ക്കുന്നതാണ്. മക്കളെ സ്നേഹിക്കുന്ന ഒരച്ഛനാണ് ഞാനും. അവര്‍ ചെറുതായൊന്ന് വീഴുമ്പോള്‍പ്പോലും എനിക്ക് വേദനിക്കാറുണ്ട്. അപ്പോള്‍ ഭിന്നശേഷിയുള്ള കുട്ടികളുടെ മാതാപിതാക്കളുടെ മാനസികാവസ്ഥ മറ്റാരും പറയാതെ എനിക്ക് മനസിലാക്കാനാകും. മാപ്പ്,' ഷാജി കൈലാസ് കുറിച്ചു.
Comments