top of page
POPADOM

OTT റിലീസ്; മലയാള സിനിമകള്‍ക്ക് കൈയ്യടിച്ച് ദി ഗാര്‍ഡിയന്‍

കോവിഡ് കാലത്ത് തിയേറ്ററുകള്‍ അടച്ചു പൂട്ടിയപ്പോള്‍ സിനിമ മേഖല പ്രധാനമായും OTT പ്ലാറ്റ്‌ഫോമുകളെയാണ് റിലീസിനായി ആശ്രയിക്കുന്നത്. ഇന്ത്യയില്‍ പല ഭാഷകളിലുള്ള സിനിമകള്‍ ആമസോണ്‍, നെറ്റ്ഫ്‌ളിക്‌സ് മുതലായ പല OTT പ്ലാറ്റ്‌ഫോമുകളിലും എത്തുന്നുണ്ട്. ഇന്ത്യയ്ക്ക് പുറത്തുള്ള രാജ്യങ്ങളില്‍ ഇന്ത്യന്‍ സിനിമ എന്നാല്‍ ബോളിവുഡിന്റെ ലോകമാണ്. എന്നാല്‍ OTT യിലേക്ക് സിനിമാ മേഖല ചുവടുമാറിയതോടെ മലയാള സിനിമ രാജ്യാന്തര തലത്തില്‍ അംഗീകരിക്കപ്പെടുകയാണ്. അന്താരാഷ്ട്ര മാധ്യമമായ ദി ഗാര്‍ഡിയൻ ഇപ്പോള്‍ മലയാള സിനിമയെ പ്രശംസിച്ച് ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നു.



കോവിഡ് കാലത്ത് കേരളത്തില്‍ മലയാള സിനിമയിൽ പുതിയൊരു തരംഗമാണ് രൂപപ്പെട്ടിരിക്കുന്നതെന്നും മറ്റ് സാധ്യതകളെ മെച്ചപ്പെട്ടരീതിയിലാണ് മലയാളത്തിലെ യുവ സംവിധായകര്‍ ഉപയോഗപ്പെടുത്തുന്നതെന്നും ലേഖനത്തില്‍ പറയുന്നു.


സനു ജോണ്‍ വര്‍ഗീസ് സംവിധാനം ചെയ്ത പാര്‍വതി, ബിജു മേനോന്‍, ഷറഫുദ്ദീന്‍ എന്നിവര്‍ അഭിനയിച്ച ആര്‍ക്കറിയാം, ഫഹദ് ഫാസിൽ മുഖ്യവേഷത്തിലെത്തിയ ദിലീഷ് പോത്തന്‍ ചിത്രം ജോജി, റിമ കല്ലിങ്കല്‍ അഭിനയിച്ച ഡോണ്‍ പാലത്തറയുടെ സന്തോഷത്തിന്റെ ഒന്നാം രഹസ്യം എന്നീ ചിത്രങ്ങളേയും ലേഖനം പ്രശംസിക്കുന്നു.


ഈ മഹാമാരിയെ ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ മലയാള സിനിമയെ സഹായിച്ചതെന്താണെന്ന് ലേഖനം വിശകലനം ചെയ്യുന്നു. വാണിജ്യപരമായ കാമ്പ് ഉണ്ടായിരുന്നിട്ടും, മലയാള ചലച്ചിത്ര വ്യവസായം താരതമ്യേന ചെറിയ തോതിലുള്ള ഒരു സംരംഭമാണ്. ബോളിവിഡ്, തമിഴ് സിനിമാ മേഖലകളെ അപേക്ഷിച്ച് സാങ്കേതികമായി വലിയ പോരായ്മകളുള്ള ഒരു മേഖലയായിരുന്നിട്ടും മലയാള സിനിമ അതിന്റെ കാമ്പില്‍ വിട്ടുവീഴ്ച ചെയ്യുന്നില്ലെന്നാണ് ലേഖനത്തില്‍ പറയുന്നത്.



''ചലച്ചിത്ര സംവിധായകര്‍ ആശയങ്ങള്‍ ആലോചിക്കുന്നതിലും നിര്‍മ്മാതാക്കളെ കണ്ടെത്തുന്നതിലും പ്രോജക്റ്റുക ൾ വേഗത്തില്‍ മുന്നോട്ടു നീക്കുന്നതിലും വിദഗ്ദ്ധരാണ്" കേരളത്തിലെ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ചുമതലയുള്ള ബീനാ പോള്‍ പറഞ്ഞതായി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

0 comments

Comments


bottom of page