എം ടി വാസുദേവൻ നായരുടെ കഥകള്‍ കോര്‍ത്തിണക്കിയ നെറ്റ്ഫ്ലിക്സ് ആന്തോളജിയിലൂടെ മഹേഷ് നാരായണന്റെ നായകനായി വീണ്ടും ഫഹദ് ഫാസിൽ എത്തുന്നു. മോഹന്‍ലാല്‍, മമ്മൂട്ടി, പാർവ്വതി തിരുവോത്ത്, ബിജു മേനോന്‍, ഇന്ദ്രജിത്ത്, ആൻ അഗസ്റ്റിൻ, സിദ്ധിഖ്, ഇന്ദ്രൻസ് എന്നിവരും ആന്തോളജിയുടെ ഭാഗമാകുന്നുണ്ട്.
30 മിനിറ്റ് ദൈര്‍ഘ്യമുള്ള 10 ഭാഗങ്ങളായി ആയിരിക്കും ആന്തോളജി ഒരുങ്ങുന്നത്.
മമ്മൂട്ടി കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം ഒരുക്കുന്നത് ലിജോ ജോസ് പെല്ലിശ്ശേരി ആണ്. പ്രിയദർശൻ രണ്ട് ചിത്രങ്ങൾ സംവിധാനം ചെയുന്നുണ്ട്. 'ശിലാലിഖിതം', 'ഓളവും തീരവും' എന്നീ കഥകളിൽ ബിജുമേനോൻ, മോഹൻലാൽ എന്നിവർ നായക കഥാപാത്രങ്ങളെ അവതരിപ്പിക്കും. 'സ്വർഗം തുറക്കുന്ന സമയം' എന്ന കഥ ജയരാജ് സംവിധാനം ചെയ്യുന്നു. കൈലാഷാണ് ഇതിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
സന്തോഷ് ശിവൻ ചിത്രത്തിൽ സിദ്ധിഖ് നായകനായി എത്തുന്നു. ശ്യാമപ്രസാദിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന 'കാഴ്ച്ച' യിൽ പാർവ്വതി തിരുവോത്താണ് കേന്ദ്ര കഥാപാത്രമായി എത്തുന്നത്. രതീഷ് അമ്പാട്ടിന്റെ സംവിധാനത്തിൽ ഇന്ദ്രജിത്ത്, ആൻ അഗസ്റ്റിൻ എന്നിവർ അഭിനയിക്കുന്ന ചിത്രം, എം ടിയുടെ മകൾ അശ്വതി സംവിധാനം ചെയ്യുന്ന ചിത്രം എന്നിവയും ഈ അന്തോളജിയിൽ ഉൾപ്പെടുന്നു.
എം ടിയുടെ നിര്‍മ്മാണക്കമ്പനിയായ ന്യൂസ് വാല്യൂ പ്രൊഡക്ഷന്‍ പ്രൈവറ്റ് ലിമിറ്റഡ്, RPSG ഗ്രൂപ്പ് എന്നിവര്‍ നിർമ്മാണത്തിന്റെ ഭാഗമാണ്. ഇതിൽ മിക്ക സിനിമകളുടെയും ചിത്രീകരണം പൂർത്തിയായി കഴിഞ്ഞു.
Comments