അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ 12 ദിവസം നീണ്ടു നിന്ന സിനിമ ചിത്രീകരണം പൂർത്തിയാക്കി റഷ്യൻ നടി യുലിയ പെരെസിൽഡും സംവിധായകൻ ക്ലിം ഷിപെൻകോയും ഭൂമിയിൽ മടങ്ങിയെത്തി. ബഹിരാകാശനിലയത്തിൽ അകപ്പെട്ടു പോകുന്ന ഹൃദ്രോഗിയായ ഒരു യാത്രികനെ ചികിത്സിക്കാൻ എത്തുന്ന വനിതാ സർജന്റെ കഥപറയുന്ന 'ചാലഞ്ച്' ബഹിരാകാശത്ത് ചിത്രീകരിക്കുന്ന ആദ്യ സിനിമയാകും.
ആറുമാസമായി നിലയത്തിൽ കഴിയുകയായിരുന്ന കോസ്മോനൊഡ് ഒലെഗ് നൊവിറ്റ്സ്കിക്കൊപ്പമാണ് സംഘം ഭൂമിയിലേക്ക് മടങ്ങിയത്. നൊവിറ്റ്സ്കിയാണ് ചിത്രത്തിൽ ബഹിരാകാശ യാത്രികന്റെ വേഷമിടുന്നത്. റോസ്കോസ്മോസിന്റെ Soyuz MS-18 വാഹനത്തിൽ മൂന്നര മണിക്കൂർ നീണ്ട യാത്രക്കൊടുവിലാണ് ഞായറാഴ്ച രാവിലെ മൂവരും വന്നിറങ്ങിയത്.
ഒക്ടോബർ അഞ്ചിന് കസാക്കിസ്ഥാനിലെ ബയ്ക്കനൂരിൽനിന്നാണ് സിനിമാ ചിത്രീകരണത്തിനായി സംഘം ബഹിരാകാശ നിലയത്തിലേക്ക് പുറപ്പെട്ടത്.
റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്കോസ്മോസിന്റെ മേധാവിയുടെ മേൽനോട്ടത്തിലായിരുന്നു സിനിമയുടെ ചിത്രീകരണം. ടോം ക്രൂസിനെ നായകനാക്കി ബഹിരാകാശത്ത് സിനിമ ചെയ്യാനുള്ള ഒരുക്കത്തിൽ ആയിരുന്നു നാസയും യുഎസ് കമ്പനിയായ സ്പേസ് എക്സിന്റെ ഉടമ ഇലോൻ മസ്കും. ഇതിനുവേണ്ടി ടോം ക്രൂസുമായി നാസ അധികൃതർ ചർച്ചയും നടത്തിയിരുന്നു.
Comments