അഭിനയ കലയിൽ ഒരു വിസ്മയമായി, മലയാളത്തിന്റെ അഭിമാനമായി മോഹൻലാൽ എന്ന നടൻ നിറഞ്ഞ് നിൽക്കാൻ തുടങ്ങിയിട്ട് നാൽപ്പത് വർഷങ്ങൾ പിന്നിട്ടു. അഭിനയമെന്ന കലയെ താൻ സമീപിക്കുന്ന രീതിയെക്കുറിച്ച്, തന്റെ കൗതുകത്തെക്കുറിച്ച് ലാൽ പറയുന്നത് നമ്മൾ ഒരുപാട് കേട്ടിട്ടുണ്ട്. സിനിമയിലും നാടകത്തിലുമൊക്കെയായി പിന്നിട്ട നാല് പതിറ്റാണ്ടിലെ താൻ എന്ന നടനിലേക്കും വ്യക്തിയിലേക്കും കൗതുകത്തോടെ നോക്കുകയാണ് അദ്ദേഹം.
"അഭിനയം തുടങ്ങിയ ആദ്യ ദിനങ്ങളേക്കാളേറെ ഞാൻ ഇന്ന് അഭിനയത്തെ സ്നേഹിക്കുന്നു. ഇപ്പോഴും ഓരോ സെറ്റിലേക്ക് പോകുമ്പോഴും ഏറ്റവും മികച്ച രീതിയിൽ അഭിനയിക്കാൻ കഴിയണേ എന്ന് ഈശ്വരനോട് പ്രാർത്ഥിക്കാറുണ്ട്" മോഹൻലാൽ പറയുന്നു. ചുറ്റുമുള്ളവർ മികച്ച രീതിയിൽ അഭിനയിക്കുന്നത് കൊണ്ടാണ് എന്റെ അഭിനയവും മികച്ചതാവുന്നതെന്നും വാനപ്രസ്ഥമായാലും കിരീടമായാലും ലൂസിഫറായാലും എല്ലായിടത്തും ആദ്യ ദിനം അഭിനയിക്കാൻ വളരെ പേടിയോടെയാണ് ഞാൻ ചെന്നതെന്നും ലാൽ തുറന്ന് പറയുന്നു.
"ഏറ്റവും സ്നേഹത്തോടെ ജോലി ചെയ്യാൻ സാധിക്കുന്നില്ലെങ്കിൽ ആ ജോലി അവസാനിപ്പിക്കുക എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. ഇതെന്ത് മടുപ്പിക്കുന്ന ജോലിയാണ് എന്ന് അഭിനയത്തെക്കുറിച്ച് സ്വയം ചിന്തിക്കാൻ തുടങ്ങുന്ന നിമിഷം ഞാൻ ഈ വഴിയിൽ നിന്ന് മാറി നിൽക്കും" അദ്ദേഹം വ്യക്തമാക്കുന്നു.
കാവാലം നാരായണ പണിക്കരുമൊത്ത് കർണഭാരം എന്ന സംസകൃത നാടകം ചെയ്ത അനുഭവത്തെക്കുറിച്ചും ലാൽ പറയുന്നുണ്ട്. "ഈ അടുത്ത് ഞാൻ കർണഭാരത്തിന്റെ തിരക്കഥ എടുത്ത് വെറുതേ വീണ്ടും വായിച്ച് നോക്കിയപ്പോൾ അദ്ഭുതം തോന്നി. ദൈവമേ ഞാൻ ഇതെങ്ങനെ അന്ന് അഭിനയിച്ച് പറഞ്ഞു ഫലിപ്പിച്ചു! കർണഭാരം ഇനിയും ചെയ്യാൻ പറ്റുമോ എന്നെനിക്കറിയില്ല"
തന്റെ അച്‌ഛനമ്മമാരുടെ പേരിലുള്ള 'വിശ്വശാന്തി' ഫൗണ്ടേഷന്റെ പ്രവർത്തനങ്ങളെക്കുറിച്ചും അതിനൂതനമായ ഒരു കാൻസർ സെന്റർ ആരംഭിക്കുക എന്ന ഭാവി പദ്ധതിയെക്കുറിച്ചും അദ്ദേഹം പറയുന്നു.
കേരള പോലീസിന്റെ 'മിഷൻ ബെറ്റർ ടുമാറോ' - ലിവിങ് എ ലെഗസി എന്ന സംവാദ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിന്റെ പൂർണ്ണമായ ലിഖിത രൂപം മാതൃഭൂമി വാരാന്തപ്പതിപ്പിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Comments