top of page
POPADOM

ഓർമകളിൽ, ഈണങ്ങളിൽ ഒരേയൊരു റഫി!

'ഓരോ കേൾവിയിലും ഇത്രയേറെ മാസ്മരികതയോടെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന മറ്റൊരു സ്വരവുമുണ്ടാവില്ല', ഇങ്ങനെ അല്ലാതെ വിഖ്യാത ഗായകൻ മുഹമ്മദ് റഫിയെ കുറിച്ച് എഴുതി തുടങ്ങുവാൻ സാധിക്കില്ല. 1980 ജൂലൈ 31നാണ് മുഹമ്മദ് റാഫി നമ്മെ വിട്ട് പോയെന്ന് ലോകം ഞെട്ടലോടെ അറിയുന്നത്, തന്റെ മധുരമായ ശബ്ദത്തിലൂടെ പ്രണയത്താലും വിരഹത്താലും ലക്ഷോപലക്ഷങ്ങളുടെ ഹൃദയം കവർന്നെടുത്തിട്ടാണ് അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞത് . അത് കൊണ്ട് തന്നെയാണ് ഇന്ത്യൻ സിനിമയുടെ കാലചക്രം മാറി മറിയുമ്പോഴും മുഹമ്മദ് റാഫിയും അദ്ദേഹത്തിന്റെ ശബ്‌ദവും ഇന്നും ഉദിച്ച ചന്ദ്രനെ പോലെ നിൽക്കുന്നത്.



1924 ഡിസംബർ 24ന് ഇന്നത്തെ പാകിസ്താനിലെ പഞ്ചാബിലെ അമൃതസറിനടുത്ത് കോട്‌ല സുൽത്താൻ സിംഗ്‌ എന്ന സ്ഥലത്താണ്‌ റഫിയുടെ ജനനം. ചെറുപ്പ കാലം തൊട്ടേ സംഗീതത്തിൽ നല്ല കഴിവുകളുണ്ടായിരുന്നത് കണ്ടെത്തിയത് റഫിയുടെ മൂത്ത സഹോദരീ ഭർത്താവായിരുന്നു. ഉസ്താദ്‌ ബഡേ ഗുലാം അലി ഖാൻ, ഉസ്താദ്‌ അബ്ദുൾ വാഹിദ്‌ ഖാൻ, പണ്ഡിത്‌ ജീവൻലാൽ മട്ടോ, ഫിറോസ്‌ നിസാമി എന്നിവരിൽ നിന്നും ഹിന്ദുസ്ഥാനി സംഗീതം അഭ്യസിക്കുകയും ചെയ്തു.


1944 ൽ അദ്ദേഹം ബോംബെയിലേക്ക് മാറിയ അദ്ദേഹത്തിന് പിന്നെ തിരഞ്ഞു നോക്കേണ്ടതായി വന്നില്ല, റഫിയുടെ ആദ്യഗാനം 1944-ൽ പുറത്തിറങ്ങിയ എ.ആർ.കർദാറുടെ 'പെഹ്‌ലേ ആപ്‌ ' എന്ന ചിത്രത്തിലെ ശ്യാം സുന്ദർ, അലാവുദ്ദീൻ എന്നിവരോടൊപ്പം പാടിയ 'ഹിന്ദുസ്ഥാൻ കേ ഹം ഹേൻ 'എന്ന ഗാനമാണ്‌. ഏതാണ്ട്‌ ആ സമയത്തു തന്നെ ശ്യാം സുന്ദറിനു വേണ്ടി 'ഗോൻ കി ഗോരി' (1944) എന്ന ചലച്ചിത്രത്തിലും, ജി.എം ദുരാണിയോടൊത്ത്‌ 'അജീ ദിൽ ഹോ കാബൂ മേൻ' എന്ന ചിത്രത്തിലും പാടി. ഇതാണ്‌ റഫി ബോളിവുഡിലെ തന്റെ ആദ്യ ഗാനമായി കണക്കാക്കുന്നത്‌.ഏറ്റവും കൂടുതൽ യുഗ്മ ഗാനങ്ങൾ ലതാ മങ്കേഷ്ക്കറോടൊപ്പം പാടിയ റെക്കോർഡും മുഹമ്മദ് റഫിയുടെ പേരിലാണുളളത്. പിന്നീടുള്ള 40 വർഷം ഇന്ത്യൻ സിനിമയിൽ റാഫി യുഗം തന്നെ ആയിരുന്നു.



റഫി ഇന്ത്യയിലെ സംഗീത പ്രേമികളുടെ മനസ്സിൽ കൂടുതൽ ഇടം നേടിയത് നൗഷാദിന്റെ സംഗീതത്തിൽ 'ദുലാരി' എന്ന ചിത്രത്തിലെ "സുഹാനി രാത് ഡൽജുക്കി, ബൈജു ബാവ് രയിലെ " ഓ ദുനിയാ കേ രഖ് വാലേ" എന്നീ ഗാനങ്ങളിലൂടെയായിരുന്നു. ഹിന്ദിക്ക് പുറമെ മൈഥിലി, ഭോജ്പുരി, ബംഗാളി, തമിഴ്, തെലുങ്ക്, പഞ്ചാബി ഇനീ ഭാഷകളിലുള്ള ഗാനങ്ങൾ ഉൾപ്പടെ അദ്ദേഹം ഏഴായിരത്തിലധികം പാട്ടുകളാണ് സിനിമകൾക്ക് വേണ്ടി ആലപിച്ചത്.


റഫിയുടെ പാട്ടുകളുടെ സംഗീത കാസറ്റുകൾ ഏറ്റവുമധികം വിറ്റുപോയിട്ടുള്ള സംസ്ഥാനം കേരളമാണ്. മലയാള സിനിമയിലും അദ്ദേഹം ഒരു ഗാനം ആലപിച്ചിട്ടുണ്ട് . പി. ഗോപകുമാർ സംവിധാനം ചെയ്ത 'തളിരിട്ട കിനാക്കൾ ' എന്ന സിനിമയൽ ആയിഷ് കാമയുടെ 'ശബാബ് ലേകെ' എന്ന ഹിന്ദി ഗാനത്തിനായിരുന്നു അദ്ദേഹം പാടിയത്. ജിതിൻ ശ്യാമായിരുന്നു സംഗീത സംവിധായകൻ.



1980 ജൂലൈ 31 ന് മരണപ്പെടുമ്പോൾ വെറും 55 വയസ്സു മാത്രമായിരുന്നു റാഫിയുടെ പ്രായം. മരണത്തിനു ശേഷം പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും ലക്ഷക്കണക്കിന് ഹൃദയങ്ങളിൽ പ്രിയപ്പെട്ട ശബ്ദമായി മുഹമ്മദ് റാഫിയുടെ ആ മാന്ത്രിക സ്വരം നിറഞ്ഞു നിൽക്കുന്നു.




0 comments

Comments


bottom of page