വിജയ് ദേവരകൊണ്ട കേന്ദ്ര കഥാപാത്രമായെത്തുന്ന 'ലൈഗർ' എന്ന തെലുങ്ക് സിനിമയിലൂടെ ബോക്സിങ് ഇതിഹാസം മൈക്ക് ടൈസൺ ഇന്ത്യൻ സിനിമയിൽ അഭിനയിക്കുന്നു. മുൻപ് നിരവധി ഹോളിവുഡ് ചിത്രങ്ങളിലും ടെലിവിഷൻ സീരീസുകളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും ടൈസൺ ഇന്ത്യൻ സിനിമയിൽ ആദ്യമാണ്.
പുരി ജഗന്നാഥ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പുരി കണക്ട്സ്, ധർമ്മ പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ പുരി ജഗന്നാഥ്, കരൺ ജോഹർ, നടി ചാർമി കൗർ, അപൂർവ്വ മെഹ്ത എന്നിവർ ചേർന്ന് ചിത്രം നിർമിക്കുന്നു.
ചിത്രത്തിന്റെ ക്ലൈമാക്സിൽ അതിഥി താരമായാണ് മൈക്ക് ടൈസൺ എത്തുന്നത്. ഒരു സ്പോർട്സ് ആക്ഷൻ ത്രില്ലറായ ഈ ചിത്രത്തിൽ മിക്സ്ഡ് മാർഷ്യൽ ആർട്സ് താരമായാണ് വിജയ് ദേവരകൊണ്ട അഭിനയിക്കുന്നത്. അനന്യ പാണ്ഡെ, രമ്യ കൃഷ്ണൻ, റോണിത് റോയ്, വിഷു റെഡ്ഡി, അലി, മകരന്ദ് ദേശ്പാണ്ഡെ, ഗെറ്റപ്പ് ശ്രീനു എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു.
ബാഹുബലി അടക്കമുള്ള സിനിമകളിലൂടെ ശ്രദ്ധേയനായ സ്റ്റണ്ട് മാസ്റ്റർ കെച്ച കംപാക്ഡെയുടെ മേൽനോട്ടത്തിൽ ആക്ഷൻ രംഗങ്ങൾ ഗോവയിൽ ചിത്രീകരിച്ചു വരികയാണ്. തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം എന്നീ ഭാഷകളിൽ ഒരേസമയം സിനിമ റിലീസ് ചെയ്യും.
Comments