top of page
POPADOM

"ഞാന്‍ എന്നും ഒരു വിദ്യാർത്ഥിയാണ്" അല്‍ഫോൺസ് പുത്രന് മറുപടിയുമായി കമല്‍ ഹാസന്‍

ഉലകനായകൻ കമല്‍ഹാസന്റെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളായ ദശാവതാരവും മൈക്കിള്‍ കാമരാജനും എങ്ങനെ ചിത്രീകരിച്ചു എന്ന, യുവസംവിധായകന്‍ അല്‍ഫോൺസ് പുത്രന്റെ ചോദ്യത്തിന് മറുപടിയുമായി സാക്ഷാല്‍ കമല്‍ഹാസന്‍ തന്നെ എത്തി. ദശാവതാരത്തിലെ കഥാപാത്രങ്ങളെക്കുറിച്ച് കമലഹാസനിട്ട ഫേസ്ബുക്ക് പോസ്റ്റിന് ചുവടെയായിരുന്നു അല്‍ഫോന്‍സിന്റെ ചോദ്യം. ചോദ്യത്തിന് മറ്റൊരു പോസ്റ്റിലൂടെ കമല്‍ഹാസന്‍ വിശദമായി മറുപടി നല്‍കിയിരിക്കുകയാണ്.



'മിസ്റ്റര്‍ അല്‍ഫോണ്‍സിന്റെയും മറ്റ് നിരവധി പുത്രന്‍മാരുടെയും അഭ്യര്‍ത്ഥനയ്ക്ക് ഇവിടെ മറുപടി നല്‍കുന്നു, ഞാന്‍ മാസ്റ്റര്‍ ക്ലാസ് എന്ന് പറഞ്ഞതിന്റെ അർത്ഥം, ഞാനാണ് അവിടെ മാസ്റ്റര്‍ എന്നല്ല. ഞാന്‍ പഠിപ്പിക്കാത്തതിന്റെ കാരണം, അത് വലിയ ത്യാഗം ആവശ്യപ്പെടുന്നു എന്നതിനാലാണ്. അത് ഒരു അമ്മയുടെ ത്യാഗത്തിന് തുല്ല്യമാണ്. ഞാന്‍ ഒരു വിദ്യാര്‍ത്ഥിയാണ്, എക്കാലത്തും. എന്നുവച്ചാല്‍ ഞാന്‍ ഒരു അധ്യാപകനേക്കാള്‍ സ്വാര്‍ത്ഥനാണ്. ക്ലാസ്സിനൊപ്പം പഠിക്കാന്‍ ഞാന്‍ സന്നദ്ധനാണ്, എന്നാല്‍ ഒരു ക്ലാസ്സിനെ അഭിസംബോധന ചെയ്യുന്നതില്‍ എനിക്ക് വിശ്വാസം ഇല്ല. അതിനര്‍ത്ഥം എനിക്ക് പരിഭ്രാന്തിയാണ് എന്നല്ല. പക്ഷെ ഒരു അധ്യാപകനെക്കാള്‍ വലുതാണ് എന്റെ വിശപ്പ്. എനിക്ക് ഭക്ഷണം കഴിക്കാന്‍ ഒരു വലിയ പ്ലേറ്റ് ആവശ്യമുള്ളത് പോലെ കൂടുതല്‍ അധ്യാപകരെയും ആവശ്യമാണ്. ഞാന്‍ എപ്പോഴും അങ്ങിനെയാണ്. അതു തന്നെയാണ് ശ്രീ. അനന്തു, ശ്രീ. സിംഗീതം, ശ്രീ. കെ.ബാലചന്ദര്‍ എന്നിവരില്‍ നിന്നും ഞാന്‍ കൂടുതല്‍ പഠിക്കുന്നതിനുള്ള കാരണം. ഏറ്റവും ശ്രേഷ്ഠവും പുരാതനവുമായ തൊഴിലുകളില്‍ ഒന്നായ അധ്യാപന കലയില്‍ മാസ്റ്റര്‍മാരാണവര്‍. എനിക്ക് എന്നും നല്ല ഗുരുക്കന്മാരുണ്ടായിട്ടുണ്ട്. എന്നെക്കാളും എന്റെ ഗുരുക്കന്മാരെക്കാളും മികച്ചത് തിരിച്ചു നല്‍കാമെന്ന് നിങ്ങള്‍ ഉറപ്പു നല്‍കുകയാണെങ്കില്‍ മാത്രം, എന്‌റെ പഠന പ്രക്രിയയെ കുറിച്ചും അനുഭവങ്ങളെ കുറിച്ചും പങ്കുവയ്ക്കാന്‍ ഞാന്‍ തയ്യാറാണ്.



നവയുഗ ചലച്ചിത്ര നിര്‍മ്മാതാക്കള്‍ 30 വര്‍ഷം മുമ്പ് ഞങ്ങള്‍ ചെയ്ത കാര്യങ്ങളെക്കുറിച്ച് ആശ്ചര്യപ്പെടാതെ മുന്നോട്ട് പോകുകയും ഇപ്പോള്‍ അവരുടെ സ്വന്തം ക്ലാസിക്കുകള്‍ സൃഷ്ടിക്കുകയും വേണം" കമല്‍ഹാസന്‍ കുറിച്ചു.



ദശവതാരം സിനിമ സംവിധാനത്തിലെ പിഎച്ച്ഡി എടുക്കുന്നത് പോലെ പഠിക്കാന്‍ കഴിയുന്ന ചിത്രമാണെന്നും മൈക്കിള്‍ മദന കാമരാജന്‍ ചാച്ചിത്ര പഠനത്തിലെ തന്നെ ബിരുദത്തിന് തുല്ല്യമാണെന്നും അല്‍ഫോൺസ് പുത്രന്‍ പറഞ്ഞിരുന്നു. ആ കമന്റിന് നേരത്തെ തന്നെ കമല്‍ഹാസന്‍ മറുപടി നല്‍കിയിരുന്നു. മൈക്കിള്‍ മദന കാമരാജന്‍ എങ്ങനെ ചിത്രീകരിച്ചുവെന്ന് ഉടന്‍ പറയാമെന്നുമായിരുന്നു അദ്ദേഹത്തിന്റെ ആദ്യ മറുപടി. അത് നിങ്ങള്‍ക്ക് എന്തുമാത്രം പഠിക്കാനുണ്ടെന്ന് തനിക്ക് അറിയില്ലെന്നും തന്നെ സംബന്ധിച്ച് അതൊരു മാസ്റ്റര്‍ ക്ലാസ് ചിത്രമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. താന്‍ അതിനെ കുറിച്ച് സംസാരിക്കും തോറും തനിക്ക് കൂടുതല്‍ കൂടുതല്‍ അറിവ് ലഭിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.

0 comments

תגובות


bottom of page