ക്യാപ്റ്റൻ, വെള്ളം എന്നിവക്ക് ശേഷം പ്രജേഷ് സെൻ എഴുതി സംവിധാനം ചെയ്യുന്ന 'മേരി ആവാസ സുനോ' യിലൂടെ മഞ്ജു വാര്യരും ജയസൂര്യയും ആദ്യമായി ഒന്നിക്കുന്നു. യൂണിവേഴ്സൽ സിനിമയുടെ ബാനറിൽ ബി രാകേഷാണ് നിർമിക്കുന്നത്. ജയസൂര്യയുടെ കഥാപാത്രം ഒരു റേഡിയോ ജോക്കി ആണ്. മഞ്ജു വാര്യരുടേത് ഡോക്ടറും. ഇരുവരും ഒന്നിച്ചുള്ള ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറ പ്രവർത്തകർ റിലീസ് ചെയ്തു.
"ഒരു സിനിമ കാണുമ്പോൾ അതിലെ കഥാപാത്രങ്ങൾ നമുക്ക് പരിചിതരാണെന്ന് തോന്നുമ്പോഴാണ്, അത് വിജയിക്കുന്നത്. മേരി ആവാസ് സുനോയിലെ ആർ.ജെ ശങ്കറും പോസിറ്റീവ് എനർജി നിറക്കുന്ന ഒരാളാണ്. പ്രിയ പ്രേക്ഷകർക്ക് ഇഷ്ടമാകുമെന്നാണ് പ്രതീക്ഷയോടെ ഫസ്റ്റ് ലുക്ക് പുറത്തു വിടുകയാണ്" ജയസൂര്യ ഫെയ്സ്ബുക്കിൽ കുറിച്ചു.
ശിവദ, ജോണി ആന്റണി, സുധീർ കരമന തുടങ്ങിയവരും സംവിധായകരായ ശ്യാമപ്രസാദും ഷാജി കൈലാസും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. വിനോദ് ഇല്ലംപള്ളിയാണ് ഛായാഗ്രഹകൻ. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ അവസാനഘട്ടത്തിലാണ്.
പ്രജേഷ് സെനിന്റെ ആദ്യ ചിത്രമായ ക്യാപ്റ്റനിലൂടെയാണ് മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം ജയസൂര്യക്ക് ലഭിച്ചത്. പ്രശസ്ത ശാസ്ത്രജ്ഞൻ നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കി നടൻ മാധവൻ സംവിധാനം ചെയ്ത് അഭിനയിച്ച Rocketry: The Nambi Effect എന്ന സിനിമയിൽ പ്രജേഷ് സെൻ കോ ഡയറക്ടർ ആയിരുന്നു.
ജയസൂര്യയെ തന്നെ കേന്ദ്ര കഥാപാത്രമാക്കി പ്രജേഷ് സെൻ സംവിധാനം ചെയ്ത 'വെള്ളം' ഈ വർഷം ആദ്യമാണ് റിലീസ് ചെയ്തത്.
Comments