top of page
POPADOM

'ഒരുപാട് ആഗ്രഹിച്ച വേഷം'; 'പൊന്നിയിന്‍ സെല്‍വനി'ലെ ആള്‍വാര്‍ക്കടിയന്‍ നമ്പിയെ കുറിച്ച് ജയറാം

സിനിമ പ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മണിരത്‌നത്തിന്റെ 'പൊന്നിയിന്‍ സെല്‍വന്‍'. ഇന്ത്യന്‍ സിനിമയിലെ മികച്ച അഭിനയ പ്രതിഭകള്‍ അണിനിരക്കുന്ന ചിത്രത്തില്‍ മലയാളത്തില്‍ നിന്നുള്ള നിരവധി അഭിനേതാക്കളുമുണ്ട്. റഹ്‌മാനും ഐശ്വര്യ ലക്ഷ്മിക്കും ലാലിനും റിയാസ് ഖാനുമൊപ്പം ജയറാമും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ഈ വേഷം താന്‍ ഏറെ ആഗ്രഹിച്ചതാണെന്ന് ജയറാം പറയുന്നു. മണിരത്‌നത്തിനും ഛായാഗ്രാഹകന്‍ രവിവര്‍മ്മനും ഒപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് ജയറാമിന്റെ കുറിപ്പ്.


'രവിവര്‍മ്മന്‍, മണിരത്‌നം... വാക്കുകള്‍ക്ക് അതീതമായ പ്രതിഭകള്‍.. ചരിത്രത്തിന്റെ ഭാഗമാകാന്‍ പോകുന്ന പൊന്നിയിന്‍ ശെല്‍വന്‍... ഒരുപാട് ആഗ്രഹിച്ച വേഷം.. ആള്‍വാര്‍ക്ക്അടിയന്‍ നമ്പി,' സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രത്തിനൊപ്പം ജയറാം കുറിച്ചു.


കല്‍കി കൃഷ്ണമൂര്‍ത്തിയുടെ നോവലിനെ ആസ്പദമാക്കി നിര്‍മ്മിക്കുന്ന ചിത്രം എപിക് ഹിസ്റ്റോറിക്കല്‍ ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ഒന്നാണ്. മദ്രാസ് ടാക്കീസും ലൈക പ്രൊഡക്ഷന്‍സും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന് മണിരത്‌നവും കുമാരവേലും ചേര്‍ന്ന് തിരക്കഥയും ജയമോഹന്‍ സംഭാഷണവും ഒരുക്കുന്നു. എ ആര്‍ റഹ്‌മാന്‍ ആണ് സംഗീതം. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായാണ് ചിത്രം എത്തുക. 500 കോടി മുതല്‍മുടക്കില്‍ ഒരുങ്ങുന്ന 'പൊന്നിയിന്‍ സെല്‍വന്‍' രണ്ട് ഭാഗങ്ങളായാണ് പുറത്തെത്തുക. ആദ്യ ഭാഗം സെപ്റ്റംബര്‍ 30ന് ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ റിലീസ് ചെയ്യും.

0 comments

Comments


bottom of page