കൈരളി ടിവിയുടെ എന്നത്തേയും അഭിമാനമാണ് ശ്രീ മമ്മൂട്ടി. 2000ൽ ചാനലിന്റെ ആരംഭം മുതൽ ചെയർമാൻ ആയി തുടരുന്ന മമ്മൂട്ടി സർ അതുകൊണ്ടു തന്നെ കൈരളിയുമായി ബന്ധമുള്ള ഞങ്ങൾക്കെല്ലാവർക്കും വളരെ ആദരണീയനും സുപരിചിതനും ആണ്. ഞാൻ കൈരളിയിൽ നിന്ന് വിരമിച്ചിട്ട് ഒരു വർഷം കഴിഞ്ഞെങ്കിലും അദ്ദേഹം ഞങ്ങൾക്ക് വല്ല്യേട്ടൻ തന്നെയാണ്...
സാറിന് ആയുരാരോഗ്യസൗഖ്യവും, ക്രിയാത്മക മൂല്യള്ള ധാരാളം കഥാപാത്രങ്ങളുടെ ലഭ്യതയും ഉണ്ടാവട്ടെ എന്ന് ഈ പിറന്നാൾ ദിനത്തിൽ ആശംസിക്കുന്നു..
കൈരളിയുടെ തുടക്കത്തിനു മുൻപ് തന്നെ മമ്മൂട്ടി സാറിനെ പരിചയപ്പെടാനുള്ള അവസരങ്ങളുണ്ടായിരുന്നു.എന്റെ ഭർത്താവും അദ്ദേഹവും സുഹൃത്തുക്കളാണ്. സുഹൃത്തുക്കൾക്കിടയിൽ അദ്ദേഹം ഒരു സാധാരണക്കാരനാണ്. ഇപ്പോഴും ഓർക്കുന്ന ഒരു അനുഭവം ഉണ്ട്. കൈരളിയുടെ ഉദ്‌ഘാടന ദിനത്തിന്റെ തലേന്ന് വൈകിട്ട്, തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ, സൂര്യ കൃഷ്ണമൂർത്തി സാറൊരുക്കിയ പിറ്റേന്നത്തെ പരിപാടിയുടെ 'ഡ്രസ്സ് റിഹേഴ്സൽ' നടക്കുന്നുണ്ടായിരുന്നു. അത് കാണാൻ മമ്മുക്കയ്ക്കും ബേബിക്കും ഒപ്പം ഞാനുമുണ്ടായിരുന്നു. അവിടേയ്ക്ക് പോകുന്നതിനു തൊട്ടു മുൻപായി, ഒരു തോർത്തുമുണ്ട് സംഘടിപ്പിച്ചു തരുമോ എന്ന് ഞങ്ങളോട് സർ ചോദിച്ചു. ഈരെഴ തോർത്ത് കയ്യിൽ കിട്ടിയതും സാർ അത് തലയിൽ ചുറ്റി കെട്ടി. മുണ്ടും ഷർട്ടും ഒരു തലേക്കെട്ടും കൂടിയായപ്പോൾ നാട്ടുമ്പുറത്തെ ഒരു സാധാരണ കർഷകൻ! ആരും തിരിച്ചറിയാതെ, സ്റ്റേഡിയത്തിലുണ്ടായിരുന്ന ആയിരക്കണക്കിന് കാണികളിൽ ഒരാളായി, അവരോടൊപ്പം അദ്ദേഹം പരിപാടികൾ ആസ്വദിച്ചു.
കൈരളിയെക്കുറിച്ചുള്ള ചർച്ചകൾ നടന്നു കൊണ്ടിരിക്കുന്ന കാലത്ത് ഒരു ദിവസം എ കെ ജി സെന്ററിലെ വെള്ള അംബാസഡർ കാറിൽ ബേബിയുടെ കൂടെ മമ്മുക്ക വീട്ടിൽ വന്നു. എത്രയോ വിലപിടിപ്പുള്ള സ്വന്തം കാറുള്ളപ്പോഴാണ് ഇങ്ങനെ അംബാസഡറിൽ യാത്ര ചെയ്ത് വന്നത്. എനിക്കന്ന് അത് വളരെ അതിശയകരമായ ഒരു കാര്യമായിരുന്നു.
തുടക്കക്കാലത്തു വടക്കേ കൊട്ടാരത്തിലെ കൈരളി ഓഫീസ്സ് പ്രവർത്തനങ്ങൾക്ക് ചെയർമാൻ നേരിൽ വന്ന് മേൽനോട്ടം നിർവ്വഹിക്കുമായിരുന്നു. കൈരളി ന്യൂസിന്റെ ലോഗോ മോഷൻ ചിട്ടപ്പെടുത്തുന്നതിനായി അന്ന് ഗ്രാഫിക്സ് മേധാവിയായിരുന്ന പേഴ്‌സി ജോസഫുമായി നിരവധി തവണ, ഗ്രാഫിക്സ് റൂമിലിരുന്ന് സർ ചർച്ച ചെയ്തിരുന്നത് ഇപ്പോഴും ഓർക്കുന്നു. കൈരളിക്ക് ഒരു മ്യൂസിക് കൺസൾട്ടന്റ് അനിവാര്യമാണെന്ന് നിർദ്ദേശിച്ചത് ചെയർമാനാണ്. ആ പദവിയിൽ ബാലഭാസ്ക്കർ പിന്നീട് കൈരളിയിൽ ചേർന്ന് പ്രവർത്തിച്ചു.
എന്റർടൈൻമെന്റ് ചാനലുകളായ കൈരളി ടിവി, വീ ടിവി എന്നിവയുടെയും വാർത്താ ചാനൽ ആയ കൈരളി ന്യൂസിന്റേയും തലപ്പത്തിരുന്നിട്ടും, ഒരിക്കൽ പോലും സ്വന്തം പ്രൊമോഷന് വേണ്ടി ഈ ചാനലുകളെ ഉപയോഗിക്കാത്ത വ്യക്തി എന്ന ഗുണം അദ്ദേഹത്തെ കൂടുതൽ ബഹുമാന്യനാക്കുന്നു.
താരതമ്യമില്ലാത്ത പ്രൊഫഷനലിസം ആണ് അദ്ദേഹത്തിന്റെ വിജയരഹസ്യം. വളരെ ആഹ്ലാദവും സംതൃപ്തിയും നിറഞ്ഞ മാതൃകാപരമായ കുടുംബ ജീവിതം അദ്ദേഹത്തിന്റെ സവിശേഷതയാണ്.
ഒരിക്കൽ കൂടി ഈ മഹത് വ്യക്തിത്വത്തിന് പിറന്നാൾ ആശംസകൾ നേർന്നുകൊള്ളുന്നു.
(പ്രോഗ്രാം വിഭാഗത്തിലുൾപ്പെടെ 21 വർഷം കൈരളി ടിവിയുടെ ഭാഗമായിരുന്ന മാധ്യമപ്രവർത്തക
യാണ് ലേഖിക)
Comments