"ചേർത്തലയിലായിരുന്നു ഷൂട്ടിങ്. മേക്കപ്പ്മാൻ കെ വി ഭാസ്ക്കരന്റെ സഹായി എന്റെ മുഖത്ത് സ്പ്രേ അടിച്ചു, യൂഡികൊളോൺ . ഞാൻ മുണ്ട് അലക്ഷ്യമായി കുത്തി. ഷർട്ടിന്റെ കൈ മുകളിലേക്ക് തെറുത്തുവച്ചു. ചിതറിയിട്ടു. ഈ റോളിൽ ഷൈൻ ചെയ്തിട്ടു വേണം. കൂടുതൽ അവസരങ്ങൾ നേടാൻ.വലിയ സ്റ്റാറാകാൻ..."
ജീവചരിത്രം പറയുന്ന 'ചമയങ്ങളില്ലാതെ' എന്ന പുസ്തകത്തിൽ ആദ്യ സിനിമയുടെ അനുഭവത്തെ കുറിച്ച് മമ്മൂട്ടി എഴുതിയതാണിത്. കെ എസ് സേതുമാധവൻ സംവിധാനം ചെയ്ത
'അനുഭവങ്ങൾ പാളിച്ചകൾ' എന്ന സിനിമയിലാണ് അദ്ദേഹം ആദ്യമായി അഭിനയിച്ചത്.
1971 ആഗസ്റ്റ് ആറാം തിയതി ആയിരുന്നു റിലീസ്. അതായത് മലയാളികൾ തിരശ്ശീലയിൽ ആദ്യമായി മമ്മൂട്ടിയെ കണ്ടിട്ട് ഇന്ന് 50 വർഷം തികയുന്നു.
അന്നത് തിയേറ്ററിൽ കണ്ട ഒരാളും കരുതിയിട്ടുണ്ടാവില്ല ആ സിനിമയിൽ ജൂനിയർ ആർടിസ്റ്റ് ആയി വന്നു പോയ ഒരു പയ്യന്റെ പേരിൽ അമ്പത് വർഷങ്ങൾക്കപ്പുറം ആ സിനിമയും മലയാള സിനിമ തന്നെയും കുറിക്കപ്പെട്ടുമെന്ന്! ഒരു പേരുപോലുമില്ലാതെ മിനിറ്റുകൾ മാത്രം സ്‌ക്രീനിൽ വന്നു പോയ പാണപറമ്പിൽ മുഹമ്മദ് കുട്ടി എന്ന അന്നത്തെ ജൂനിയർ ആർട്ടിസ്റ്റിൽ നിന്ന് ഇന്ന് മലയാളികൾ സ്നേഹത്തോടെയും ബഹുമാനത്തോടെയും 'മമ്മൂക്ക' എന്ന് വിളിക്കുന്ന പ്രിയപ്പെട്ട താരത്തിലേക്ക് അദ്ദേഹം നടത്തിയ യാത്രയ്ക്കാണ് അൻപതിന്റെ തലപ്പൊക്കം.
മലയാളത്തിന്റെ അതിർവരമ്പുകൾക്കപ്പുറം വളർന്ന് ഇന്ത്യൻ സിനിമയ്ക്ക് തന്നെ സുപരിചിതനായി മാറുകയായിരുന്നു മമ്മൂട്ടി. മികച്ച നടനുള്ള ദേശീയപുരസ്കാരം മൂന്ന് തവണ നേടിയിട്ടുണ്ട്. ഇതിനു പുറമേ അഞ്ചു തവണ മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരവും, 12 തവണ ഫിലിംഫെയർ (ദക്ഷിണേന്ത്യൻ) പുരസ്കാരവും ലഭിച്ചിട്ടുണ്ട്. 1998-ൽ ഭാരതസർക്കാർ പത്മശ്രീ നൽകി ആദരിച്ചു. 2O10 ജനുവരിയിൽ കേരള സർവകലാശാലയിൽ നിന്ന് ഹോണററി ഡോക്ടറേറ്റ് ലഭിച്ച അദ്ദേഹത്തെ ആ വർഷം ഡിസംബറിൽ തന്നെ ഡോക്ടറേറ്റ് നൽകി കാലിക്കറ്റ് സർവ്വകലാശാലയും ആദരിച്ചു. ഒരു നടനെന്ന നിലയിൽ അയാൾ നേടിയ നേട്ടങ്ങളൊക്കെയും ഒരു തർക്കങ്ങളുമില്ലാത്ത വിധം അയാൾ പൊരുതി നേടിയത് തന്നെയാണ്.
കോട്ടയം ജില്ലയിലെ വൈക്കത്ത് ഒരു സാധാരണ മുസ്ലിം കുടുംബത്തിലാണ് മമ്മുട്ടിയുടെ ജനനം. കൊച്ചി മഹാരാജാസ് കോളേജിൽ നിന്ന് പ്രീഡിഗ്രിയും, എറണാകുളം ലോ കോളേജിൽ നിന്ന് എൽ എൽ ബിയും കരസ്ഥമാക്കിയതിനു ശേഷം മഞ്ചേരിയിൽ രണ്ടു വർഷം സേവനം അനുഷ്ടിക്കുകയും ചെയ്തു.
ആറോളം ഭാഷകളിലായി നാനൂറോളം സിനിമകളിലാണ് മമ്മൂട്ടി അഭിനയിച്ചത്. 1984 ൽ എം ടി വാസുദേവൻ നായരുടെ തിരക്കഥയിൽ ഐ വി ശശി സംവിധാനം ചെയ്ത 'അടിയൊഴുക്കുകൾ' എന്ന സിനിമയിലൂടെയാണ് മമ്മൂട്ടിക്ക് ആദ്യമായ് മികച്ച നടനുള്ള സംസ്ഥാന പുരസ്ക്കാരവും, ഫിലിം ഫെയർ പുരസ്ക്കാരവും ലഭിക്കുന്നത്. ആദ്യമായി സഹനടനുള്ള സംസ്ഥാന പുരസ്‌കാരം അദ്ദേഹത്തെ തേടി എത്തുന്നത് 1981 - ൽ ഐ വി ശശി സംവിധാനം തന്നെ പുറത്തിറങ്ങിയ 'അഹിംസ' എന്ന ചിത്രത്തിലൂടെയായിരുന്നു. .വക്കം മുഹമ്മദ് ബഷീറിന്റെ മതിലുകൾ എന്ന നോവലിനെ ആസ്പദമാക്കി അടൂർ ഗോപാലകൃഷ്ണൻ തിരക്കഥയും സംവിധാനവും നിർവഹിച്ച 'മതിലുകൾ', എം ടി വാസുദേവൻ നായരുടെ തിരക്കഥയിൽ ഹരിഹരൻ സംവിധാനം ചെയ്ത ഒരു 'വടക്കൻ വീരഗാഥ' എന്നീ സിനിമകളിലെ അഭിനയത്തിനാണ് 1990 ൽ ആദ്യ ദേശീയ പുരസ്‌ക്കാരത്തിന് മമ്മൂട്ടി അർഹനാകുന്നത്. പിന്നീട് വിധേയൻ, പൊന്തൻ മാട ഇനീ ചിത്രങ്ങളിലെ അഭിനയത്തിന് 1994 ലും അംബേദ്‌കർ എന്ന സിനിമയിലെ അഭിനയത്തിന് 1999 ലും ദേശീയ പുരസ്ക്കാരം ലഭിച്ചു.
ബഷീറായും അംബേദ്കറായും വാറുണ്ണിയായും ഭാസ്‌ക്കര പട്ടേലറായും ചന്തുവായും അച്ചൂട്ടിയായുമൊക്കെ അദ്ദേഹം നമ്മുക്ക് മുന്നിലെത്തിയപ്പോൾ മമ്മൂട്ടി എന്ന വ്യക്തിയെ എവിടെയോ ഒളിപ്പിച്ച്, കഥാപാത്രമായി മാറുന്നത് നമ്മൾ കണ്ടു. അതിന് പകരം വെക്കാൻ ഇനിയൊരു അമ്പത് വർഷം കഴിഞ്ഞാലും പകരക്കാരുണ്ടാവുക എന്നത് ഏറെക്കുറെ അസംഭവ്യം തന്നെയാണ്.
Comments