2009 ജൂൺ 28ന് ഇതുപോലൊരു മഴക്കാലത്താണ് അമരാവതിയിലെ കഥാനായകൻ ഓർമയായത്. മലയാളിയുടെ തിരക്കാഴ്ച്ചക്ക് പ്രൗഢിയേകി ലോഹിതദാസ് എഴുതിയുറപ്പിച്ച കഥാപാത്രങ്ങൾ 12 വർഷങ്ങൾക്കിപ്പുറവും കാഴ്ച്ചയിലും പറച്ചിലിലും പഠനത്തിലും നിറയുന്നു. "എനിക്ക് നല്ല ഉറപ്പുണ്ട് ഞാൻ വിലയിരുത്തപ്പെടാൻ പോകുന്നത് എന്റെ മരണ ശേഷമാണ്" എന്ന ആ പ്രതിഭയുടെ തന്നെ വാക്കുകളെ അന്വർത്ഥമാക്കുന്നത് പോലെ.
ബാലൻ മാഷും സേതുമാധവനും വാറുണ്ണിയും അച്ചൂട്ടിയും വിദ്യാധരനും ഭാനുവും ആനിയുമൊക്കെ കാലങ്ങൾക്കിപ്പുറവും താരതമ്യങ്ങൾ പോലും സാധ്യമാകാത്ത തരത്തിൽ നില നിൽക്കുന്നത് ആ ശ്രേഷ്ഠ കഥാകാരന് മുന്നിൽ കാലത്തിന്റെ കൈകൂപ്പലാകാം. സിനിമയും മനുഷ്യന്റെ ജീവിതവും തന്നെ സങ്കൽപ്പങ്ങൾക്കപ്പുറത്തേക്ക് മാറിയ ഈ കാലത്ത് ലോഹിതദാസ് ഉണ്ടായിരുന്നെങ്കിൽ എന്ന് ചലച്ചിത്രകാരന്മാരും അഭിനേതാക്കളും പ്രേക്ഷകരും ചിന്തിച്ച് പോകുന്നത് സ്വഭാവികം.
ഫെയ്സ്ബുക്കിൽ ഓർക്കുറിപ്പായി മഞ്ജു വാര്യർ എഴുതിയത് പോലെ.
"ഇന്നലെയും ആലോചിച്ചു... ലോഹിസാർ ഉണ്ടായിരുന്നുവെങ്കിൽ ഈ കാലം എങ്ങനെ നീന്തിക്കടക്കുമായിരുന്നെന്ന്. വള്ളുവനാട്ടിലിരുന്ന് ഈ ലോകത്തോടായി അദ്ദേഹം ചിലപ്പോൾ ഇങ്ങനെയായിരിക്കാം പറയുക... 'ഇപ്പോഴാണ് നമ്മൾ അക്ഷരാർഥത്തിൽ 'അണു'കുടുംബങ്ങളായത് '! ഉറപ്പാണ്, കഥകൾക്കു വേണ്ടിയായിരിക്കും സഹജമായ കൗതുകത്തോടെയുള്ള അദ്ദേഹത്തിൻ്റെ അന്വേഷണം"
Comments