top of page
POPADOM

ലതാജി ഹൃദയത്തിന്റെ ഒരു ഭാഗമായിരുന്നു: എ ആർ റഹ്മാൻ


രാജ്യമാകെ ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്കറിന്റെ വിയോഗത്തില്‍ അനുശോചിക്കുമ്പോൾ ലതാജിയുമൊത്തുള്ള ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് എ ആര്‍ റഹ്മാന്‍. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് റഹ്മാന്റെ അനുശോചനം. നമുക്കെല്ലാവര്‍ക്കും ഈ ദിവസം വളരെ ദുഖകരമാണെന്ന് പറഞ്ഞാണ് റഹ്മാന്‍ തുടങ്ങുന്നത്. ''ഗായികയോ, ഐക്കണോ മാത്രമായിരുന്നില്ല ലതാ മാം. ഹൃദയത്തിന്റെ ഒരു ഭാഗമായിരുന്നു. ഹിന്ദുസ്ഥാനി സംഗീതം, ഉര്‍ദു, ബംഗാളി, ഹിന്ദി കവിതകള്‍, പാട്ടുകൾ എന്നിവയിലെല്ലാം അപാരമായ അറിവുള്ള പ്രതിഭയായിരുന്നു''



തന്റെ സംഗീത ജീവിതത്തിലും ലതാ മങ്കേഷ്കര്‍ വളരെയേറെ സ്വാധീനിച്ചിട്ടുണ്ടെന്നും റഹ്മാന്‍ ഓര്‍ക്കുന്നു.

"ഒരു സംഗീത സംവിധായകന്‍ ആയതിനാല്‍ പാട്ട് പാടുന്നത് ഞാന്‍ ഗൗരവമായിട്ടെടുത്തിരുന്നില്ല. ലതാജിക്ക് വേണ്ടിയുള്ള ഗാനങ്ങള്‍ കംപോസ് ചെയ്ത് അതിന്റെ റിഹേഴ്സലും കഴിഞ്ഞ്, അവര്‍ തന്റെ മുറിയില്‍ പോയി താഴ്ന്ന സ്വരത്തില്‍ പാട്ടുകള്‍ പാടുമായിരുന്നു. ആ മുറിയുടെ മുന്നിലൂടെ പോയപ്പോള്‍ ഞാനത് കേട്ടു. അവര്‍ ഷോയ്ക്ക് വേണ്ടി പ്രാക്ടീസ് ചെയ്യുകയാണോയെന്ന് ഞാന്‍ അന്വേഷിച്ചു. അതിന് ശേഷം എവിടെ ഷോ ഉണ്ടെങ്കിലും പ്രോഗ്രാമിന് മുന്നേ ഞാനും തമ്പുരു മീട്ടി പാട്ടുകള്‍ പ്രാക്ടീസ് ചെയ്യാന്‍ തുടങ്ങി''

തന്റെ പിതാവ് കട്ടിലിന് സമീപം ലതാ മങ്കേഷ്കറിന്റെ ചിത്രം സൂക്ഷിച്ചിരുന്നെന്നും അത് കണ്ടാണ് രാവിലെ ഉണര്‍ന്നിരുന്നതെന്നും റഹ്മാന്‍ പറയുന്നു.


"ലതാജിയെ പോലെ സംഗീതലോകത്തിന് നഷ്മായ നിരവധി പ്രതിഭകളുണ്ട്. അവരുടെ ഗാനങ്ങള്‍ ആഘോഷിക്കുക, അവരില്‍ നിന്ന് പഠിക്കുക" എന്ന് പറഞ്ഞാണ് റഹ്മാൻ അനുശോചന വീഡിയോ അവസാനിപ്പിക്കുന്നത്.


എ ആര്‍ റഹ്മാന്‍- ലതാ മങ്കേഷ്കര്‍ കൂട്ടുകെട്ടില്‍ നിരവധി സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ സംഗീതലോകത്തിന് മുതല്‍ക്കൂട്ടായി. റഹ്മാന്റെ പിറന്നാള്‍ ദിനത്തില്‍ തന്നെയാണ് ലതാ മങ്കേഷ്കറിന്റെ വിയോഗവും.


കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ ഇന്ന് രാവിലെ മുംബൈയിൽ വെച്ചായിരുന്നു ലതാ മങ്കേഷ്ക്കറിന്റെ വിയോഗം. 91 വയസ്സായിരുന്നു. മുപ്പത്തിയാറിൽ അധികം ഭാഷകളിൽ പാടിയിട്ടുളള ലതാജിയെ 2001ൽ രാജ്യം ഭാരത രത്നം നൽകി ആദരിച്ചിരുന്നു.

0 comments

Comments


bottom of page