1991 ആഗസ്റ്റ് 15 ന് ആണ് പ്രിയദർശൻ സംവിധാനം ചെയ്ത 'കിലുക്കം' റിലീസ് ആയത്. 30 വർഷം പിന്നിടുമ്പോഴും മലയാളിയുടെ നാവിൻ തുമ്പിൽ ഇന്നും കിലുക്കത്തിലെ ഡയലോഗുകൾ ദിവസത്തിൽ ഒരു തവണയെങ്കിലും വന്നു പോകുന്നു. നിശ്ചലിന്റെയും കിട്ടുണ്ണിയുടെയും നന്ദിനി തമ്പുരാട്ടിയുടെയും തമാശകൾ ട്രോളുകളായി സോഷ്യൽ മീഡിയകളിൽ നിറഞ്ഞു നിൽക്കുന്നു.
പ്രിയദർശൻ എന്ന സംവിധായകന്റെ ജീവിതത്തിലെ നാഴികകല്ലായിരുന്നു കിലുക്കത്തിന്റെ വിജയം. തുടർച്ചയായ പരാജയങ്ങൾക്ക് മുൻപിൽ മനസ് മടുത്ത കാലത്ത് ജയിച്ചേ പറ്റൂ എന്ന വാശിയോടു കൂടി ചെയ്ത ഈ ചിത്രം അദ്ദേഹത്തിന്റെ ജീവിതത്തിലെ വഴിത്തിരിവായി.
ഒരു പിക്നിക്കിന് പോകുന്നത് പോലെ ഷൂട്ട് ചെയ്ത സിനിമ ആയിരുന്നു കിലുക്കം എന്നാണ് പ്രിയദർശൻ കിലുക്കത്തെപ്പറ്റി പറഞ്ഞിട്ടുള്ളത്. മോഹൻലാൽ - ജഗതി കമ്പിനേഷനിൽ നല്ല ഒരു കെമിസ്ട്രി സംഭവിച്ചപ്പോൾ പലപ്പോഴും കട്ട് പറയാൻ പറ്റാതെ കുലുങ്ങി ചിരിച്ചിരുന്ന സംവിധായകനെപ്പറ്റി നിർമാതാവ് ഗുഡ് നൈറ്റ് മോഹൻ ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. ഒരു നല്ല കഥ അന്വേഷിച്ചു നടന്ന പ്രിയദർശന്റെ മനസ്സിൽ ആദ്യം കടന്നു കൂടിയത് കുസൃതിയും അല്പം വട്ടുമുള്ള നായികയായിരുന്നു. ഗതികേടുകാരൻ നായകനെ അവതരിപ്പിക്കാൻ മോഹൻലാലിനെ തന്നെ മനസ്സിൽ ഉറപ്പിച്ച്, തിരക്കഥ എഴുതുവാൻ വേണുനാഗവള്ളിയെ സമീപിച്ചു. അങ്ങനെയാണ് കിലുക്കം ഉണ്ടായത്.
നായികയായി അമലയെ നിശ്ചയിച്ചിരുന്നെങ്കിലും പിന്നീട് രേവതി ആ റോളിലേക്ക് വരികയായിരുന്നു.
നിശ്ചലായി ആദ്യം തീരുമാനിച്ചത് ശ്രീനിവാസനെ ആയിരുന്നു. ഡേറ്റ് പ്രശ്നങ്ങൾ കാരണം ആ കഥാപാത്രം ജഗതി ശ്രീകുമാറിലേക്കും എത്തപ്പെട്ടു. ഒരുപാട് തിരക്കുകൾക്കിടയിലും മുപ്പത് ദിവസത്തെ ഡേറ്റ് ഒന്നിച്ചു നൽകി ജഗതി ശ്രീകുമാർ നിശ്ചലിനെ അനശ്വരനാക്കി.
കിലുക്കം കണ്ടിട്ട് മോഹൻലാൽ പ്രിയനോട് താൻ പറഞ്ഞത് "പ്രിയാ ഈ സിനിമ കണ്ടിട്ട് എനിക്ക് തണുത്തു, ഞാൻ ഊട്ടിയിൽ ആണെന്ന് തോന്നി. ഊട്ടി ഇത്രയും ഭംഗിയായി മറ്റൊരു സിനിമയിലും ചിത്രീകരിക്കപ്പെട്ടിട്ടില്ല" എന്നായിരുന്നു.
കിലുക്കത്തെ 'മാജിക്' എന്നാണ് രേവതി വിശേഷിപ്പിക്കാറുള്ളത്. കിലുക്കം ഒരു അത്ഭുതമായി തോന്നുന്നത് രേവതിക്കു മാത്രമല്ല ഓരോ മലയാളിക്കുമാണ്.
ചിരിക്കൊപ്പം പ്രണയവും കുടുംബ ബന്ധങ്ങളുമൊക്കെ ഇടകലർത്തിയ കിലുക്കത്തിന്റെ കൂട്ട് മലയാളി പ്രേക്ഷകർക്ക് നന്നായി ബോധിച്ചു. ബോക്സ് ഓഫീസിൽ കോടിയുടെ കടമ്പ കടന്ന ആദ്യ മലയാള ചിത്രം നിരവധി അവാർഡുകളും വാരിക്കൂട്ടി. ടിവി ചാനലുകളിൽ ഏറ്റവും കൂടുതൽ സംപ്രേക്ഷണം ചെയ്യപ്പെട്ട ചിത്രമാണ് കിലുക്കം. മോഹൻലാൽ - ജഗതി കെമിസ്ട്രി ഏറ്റവും കൂടുതൽ മലയാളികൾ ആസ്വദിച്ച ചിത്രത്തിലെ S.P വെങ്കിടേഷിന്റെ പാട്ടുകളും ഹിറ്റുകളായി.
"പൊരിച്ച കോയീന്റെ മണവും", "അങ്കമാലിയിലെ പ്രധാനമന്ത്രിയും", "സിങ്കപ്പൂർ ഡോളേഴ്സും " മലയാളി ഇനിയും പറഞ്ഞു കൊണ്ടേയിരിക്കും. ഓരോ കാഴ്ച്ചയിലും പുതുമ പോകാതെ ആ ചിരിക്കിലുക്കം തുടരും.
Commenti