സുരാജ് വെഞ്ഞാറമ്മൂട് എന്ന നടൻ 'ഇനിയെന്ത്?' എന്ന് തോന്നിപ്പിക്കും വിധം ഉള്ളിൽ കയറിക്കൂടുന്ന അഭിനയ വൈദഗ്ദ്ധ്യം കൊണ്ട് പ്രേക്ഷകനിലേക്ക് കയറിക്കൂടുന്ന ഒരനുഭവമാണ് 'കാണെക്കാണെ'. ഒപ്പം ടൊവിനൊയും ഐശ്വര്യ ലക്ഷ്മിയും ശ്രുതി രാമചന്ദ്രനും തികച്ചും സാധാരണമായ നമ്മുടെ ദൈനംദിന ജീവിതത്തെ എവിടെയൊക്കെയോ ഓർമിപ്പിച്ച് കടന്ന് പോകുന്നു.
'ഉയരെ' യിൽ നിന്ന് എത്രയോ ഉയർന്നിരിക്കുന്നു മനു അശോകൻ എന്ന സംവിധായകൻ എന്ന് തോന്നുകയും ബോബി സഞ്ജയ് കൂട്ടുകെട്ടിന്റെ കരുത്ത് തിരക്കഥയിൽ അനുഭവിച്ചറിയും ചെയ്യുന്നുണ്ട്. സിനിമക്ക് ഇടവേള പോലുമില്ലാത്ത OTT കാലത്ത് ഒരുൾക്കനമില്ലാതെ കണ്ടുതീർക്കാനാകില്ല 'കാണെക്കാണെ'. കാണും തോറും ഉള്ളുലടക്കുന്ന ഒരു ചലച്ചിത്രാനുഭവം.
ഐശ്വര്യ ലക്ഷ്മി എന്ന അഭിനേത്രിയുടെ പരിധികൾ ഈ കണ്ടതൊന്നുമല്ലെന്ന് തിരിച്ചറിവ് കാണെക്കാണെ 'കാണെക്കാണെ' നൽകുന്നുണ്ട്, അത്രത്തോളമെന്ന പോൽ ടൊവിനൊയും. വൈകാരിക രംഗങ്ങളിൽ മികച്ച് നിൽക്കുന്ന സുരാജ് വെഞ്ഞാറമ്മൂടിനെ കണ്ട് അതിശയപ്പെടാനൊന്നുമില്ല നമുക്ക്. പക്ഷേ അതേ നിലവാരത്തിൽ ടൊവിനൊയും ഐശ്വര്യയും നമ്മുടെ ഇടത്തിലേക്കെത്തുമ്പോൾ പ്രേക്ഷകന് അഭിമാനിക്കാനേറെയുണ്ട്. ഇരുവരും ഒന്നിക്കുന്ന ഒരൊറ്റ സീനിൽ പോലും മാത്തനും അപ്പുവും തോന്നൽ പോലുമാകുന്നില്ല എന്നത് എത്രത്തോളം അവർ ഈ ചുരുങ്ങിയ കാലം കടന്നു എന്നതിന്റെ സൂചന കൂടിയാണ്. ഒപ്പം തിരക്കഥയിലെയും സംവിധാനത്തിലെയും സൂക്ഷ്മതയും മികവും.
ഇത്രത്തോളം വൈകാരികാനുഭവമാക്കാൻ പശ്ചാത്തല സംഗീതം വഹിച്ച പങ്ക് ചെറുതേയല്ല. 'പൂമുത്തോളെ...' ഈണമിട്ട രഞ്ജിൻ രാജിന് അത് സാധ്യമായതിലും അത്ഭുതമില്ല. ഒരേ പാട്ട്,
'പാൽനിലാവിൻ' എന്ന ഒരേയീണം സിതാരയുടെയും ജി വേണുഗോപാലിന്റെയും രണ്ട് ശബ്ദങ്ങളിൽ എങ്ങനെ വ്യത്യസ്താനുഭങ്ങൾ ആകുന്നു എന്നതും അനുഭവിച്ചറിയേണ്ടതാണ്.
ചുരുക്കം ചില സംഭാഷണങ്ങളിലെ നാടകീയത മാത്രം ഒഴിച്ച് നിർത്തിയാൽ ആദ്യ കാഴ്ച്ചയിൽ സമകാലിക മലയാളി സമൂഹം കണ്ടിരിക്കേണ്ട ഒരു സിനിമ തന്നെയാണ് 'കാണെക്കാണെ'.
നഗര ജീവിതത്തിലെ ഓട്ടങ്ങൾക്കിടയിൽ വിചിത്രമെന്നോണമുള്ള മനുഷ്യ ബന്ധങ്ങൾക്കിടയിൽ, സാഹചര്യം എന്ന് പറഞ്ഞ് തള്ളാവുന്ന പലതിനുമിടയിൽ ഇത് വായിക്കുന്ന ഞാനും നിങ്ങളുമൊക്കെയാണ് ആ കഥാപാത്രങ്ങൾ. അസ്ഥിരതയുടെ രോഗകാലത്ത് പോലും വിദ്വേഷങ്ങൾ ആയി മാറ്റപ്പെട്ട സൗന്ദരപ്പിണക്കങ്ങൾ പോലും ഉള്ളിൽ കൊണ്ട് നടക്കുന്ന ചിലർക്കെങ്കിലുമുള്ള ഓർമപ്പെടുത്തൽ. ഇതുപോലെ അതിലുമതിലും എത്രയോ വലുതൊക്കെ പ്പോലും കാലം കടക്കുംതോറും മാറി മറിയാവുന്നതേയുള്ളൂ എന്നോ ഇക്കണ്ടതൊന്നുമല്ല ഈ ജീവിതമെന്ന് കാണെക്കാണെ തിരിച്ചറിയുമെന്നോ ഒക്കെയുള്ള ഒരു പങ്കിടൽ. കാണേണ്ടതുണ്ട്, കണ്ടിരുന്ന് ചിന്തിക്കേണ്ടതുണ്ട് 'കാണെക്കാണെ'.
SonyLIV OTT പ്ലാറ്റ്ഫോമിൽ കാണാം 'കാണെക്കാണെ'
Comments