തമിഴിലെ ട്രെൻഡിങ്ങ് സംവിധായകനായ കാർത്തിക് സുബ്ബരാജിന്റെ ധനുഷ് ചിത്രം ജഗമേ തന്തിരം ഇന്ന് അർദ്ധരാത്രി നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യും.
സുരുളി എന്ന തന്റെ കേന്ദ്ര കഥാത്രത്തിൽ ഒരു രജനിയിസം കാണാൻ കഴിഞ്ഞേക്കും എന്ന് ധനുഷ് ആരാധകർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. മലയാളത്തിൽ നിന്ന് ജോജു ജോർജും ഐശ്വര്യ ലക്ഷ്മിയും ഹോളിവുഡ് നടൻ ജെയിംസ് കോസ്മോയും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായുണ്ട്.
1979 ൽ റിലീസായ കമൽ - രജനി ചിത്രം നിന്നെതാലെ ഇനിക്കുമിലെ 'ശംഭോ ശിവ ശംഭോ' എന്ന പാട്ടിന്റെ ആദ്യ വരിയിൽ നിന്നാണ് ജഗമേ തന്തിരം എന്ന പേര് കാർത്തിക് സുബ്ബരാജ് കണ്ടെത്തിയത്. സുരുളി എന്നായിരുന്നു സിനിമയുടെ വർക്കിങ്ങ് ടൈറ്റിൽ.
മലയാളത്തിലും തായ്, വിയറ്റ്നാമീസ്, ഇന്റോനേഷ്യൻ ഉൾപ്പെടെ 17 ഭാഷകളിലായി 190 രാജ്യങ്ങളിലാണ് നെറ്റ്ഫ്ലിക്സിലൂടെ ജഗമേ തന്തിരം എത്തുന്നത്. 2012ൽ റിലീസ് ചെയ്ത പിസ്സയിലൂടെയും ജിഗ്ഗർതാണ്ടയിലൂടെയും തമിഴിലെ ഹിറ്റ് സംവിധായകനായി പേരെടുത്ത കാർത്തിക് സുബ്ബരാജിന്റെ രജനി ചിത്രം പേട്ട 2019 ലാണ് റിലീസ് ചെയ്തത്.
ആമസോൺ പ്രൈം വീഡിയോയിലൂടെ കഴിഞ്ഞ വർഷം റിലീസ് ചെയ്ത പുത്തൻ പുതു കാലൈ എന്ന ആന്തോളജിയിൽ സുഹാസിനി, ഗൗതം മേനോൻ, സുധ കൊങ്കറ, രാജീവ് മേനോൻ എന്നിവർക്കൊപ്പം ഒരു ചിത്രം സംവിധാനം ചെയ്തത് കാർത്തിക് സുബ്ബരാജായിരുന്നു.
Comments