top of page
POPADOM

ഇന്ദു വി.എസിന്റെ '19(1)(a)' ഹോട്ട്സ്റ്റാറിൽ; 'രാഷ്ട്രീയം പറച്ചിൽ മാത്രമല്ല സിനിമയെന്ന് സംവിധായിക’


വിജയ് സേതുപതി, നിത്യ മേനന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതയായ ഇന്ദു വി.എസ് സംവിധാനം ചെയ്ത '19(1)(a)' എന്ന ചിത്രം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറില്‍ റിലീസ് ചെയ്തു. ഇന്ദുവിന്റെ ആദ്യ ചിത്രം, അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്‌കാര സ്വാതന്ത്ര്യവും ഉറപ്പുനല്‍കുന്ന ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19-ന്റെ പേരിലാണ് എത്തുന്നത്. എന്നാല്‍ തന്റേത് മുഴുവനായും രാഷ്ട്രീയം പറയുന്ന ഒരു ചിത്രം എന്നതിലുപരി കേന്ദ്ര കഥാപാത്രങ്ങളുടെ ആന്തരിക യാത്രയിലേക്കാണ് ക്യാമറ തിരിക്കുന്നത് എന്ന് ഇന്ദു പറയുന്നു.

'രണ്ട് പ്രധാന കഥാപാത്രങ്ങളുടെ വൈകാരിക യാത്രകളിലൂടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തെ കുറിച്ചും അതിന്റെ ലംഘനത്തെ കുറിച്ചുമുള്ള എന്റെ ചിന്തകളും നിലപാടുകളുമാണ് ഈ ചിത്രത്തിലൂടെ ഞാന്‍ പറയാന്‍ ആഗ്രഹിച്ചത്. തീര്‍ച്ചയായും ഇതൊരു രാഷ്ട്രീയ സിനിമയാണ്. എന്റെ നിലപാടുകള്‍ തന്നെയാണ് ഈ സിനിമയിലൂടെ ഞാന്‍ പറയുന്നത്. എന്നാല്‍ അത് ബോധപൂര്‍വമായ ഒരു തിരഞ്ഞെടുപ്പായിരുന്നില്ല. രാജ്യമൊട്ടാകെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു വിഷയത്തെ കുറിച്ചാണ് ഈ സിനിമ സംസാരിക്കുന്നത്. എന്നാല്‍ കഥാപാത്രങ്ങളുടെ വ്യക്തിഗതമായ യാത്ര വളരെ പ്രധാനമാണ്.'

കോവിഡ് കാലത്തായിരുന്നു സിനിമയുടെ ചിത്രീകരണം. സിനിമ നടക്കുമോ എന്ന ആശങ്ക ആ ദിവസങ്ങളില്‍ ഉടനീളം തനിക്കുണ്ടായിരുന്നു എന്നും ഇന്ദു.



'വളരെ അനിശ്ചിതത്വം നിറഞ്ഞ ഒരു സമയത്തായിരുന്നു ഈ സിനിമ ചിത്രീകരിച്ചത്. ഇന്ന് ഷൂട്ട് ചെയ്ത സ്ഥലങ്ങള്‍ ചിലപ്പോള്‍ നാളെ കണ്ടെയ്ന്റ്മെന്റ് സോണ്‍ ആയി പ്രഖ്യാപിച്ചേക്കാം. ഇങ്ങനെയൊരു റിസ്‌കില്‍ നിന്നുകൊണ്ടാണ് ഈ സിനിമ പൂര്‍ത്തിയാക്കിയത്. വിജയ് സേതുപതിയും നിത്യാമേനോനും നല്‍കിയ സപ്പോര്‍ട്ട് എടുത്തു പറയേണ്ടതാണ്. ലോക്ക്ഡൗണിന് ശേഷം സെറ്റിലേക്ക് തിരിച്ചുവരുമ്പോള്‍ നിത്യ വളരെ എക്സൈറ്റഡ് ആയിരുന്നു. വിജയ് സേതുപതിക്കും ഒരുപാട് നാളുകള്‍ക്ക് ശേഷം ഡേറ്റ് അവൈലബിള്‍ ആയിരുന്നു. കോവിഡ് കാലത്ത് പല തവണ നടത്തിയ തിരക്കഥ വായന എന്നേയും സഹായിച്ചിട്ടുണ്ട്.'

വിജയ് സേതുപതി ആദ്യമായി നായകനായി എത്തുന്ന മലയാളം ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. ഇന്ദ്രജിത്, ഇന്ദ്രന്‍സ്, അതുല്യ ആഷാഢം, ശ്രീകാന്ത് മുരളി എന്നിവരും ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു. ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നതും സംവിധായിക ഇന്ദു വി.എസ് തന്നെയാണ്. ആന്റോ ജോസഫാണ് ചിത്രം നിര്‍മിക്കുന്നത്. ഗോവിന്ദ് വസന്തയാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. മനേഷ് മാധവനാണ് ഛായാഗ്രഹണം.

0 comments

Commentaires


bottom of page