top of page
POPADOM

മലയാള സിനിമയില്‍ ആദ്യമായി ICC. മാറ്റത്തിന് തുടക്കമിട്ട് കബനി ഫിലിംസ്

മലയാള സിനിമയില്‍ ആദ്യമായി തൊഴിലിടത്തിലെ ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെ ആഭ്യന്തര പരാതി പരിഹാര കമ്മിറ്റി നിലവില്‍ വന്നു. 'തിങ്കളാഴ്ച്ച നിശ്ചയം' എന്ന സിനിമക്ക് ശേഷം സെന്ന ഹെഗ്‌ഡെ സംവിധാനം ചെയ്യുന്ന '1744 വൈറ്റ് ആള്‍ട്ടോ' എന്ന സിനിമയുടെ നിര്‍മാതാക്കളായ കബനി ഫിലിംസാണ് ലൊക്കേഷനിൽ Internal Complaints Committee രൂപീകരിച്ചത്. ചിത്രത്തിന്റെ ഷൂട്ടിങ് കാസര്‍കോഡ് ജില്ലയിലെ കാഞ്ഞങ്ങാട്ട് പുരോഗമിക്കവെയാണ് പുതിയ തീരുമാനം എടുത്ത വിവരം നിര്‍മ്മാതാക്കള്‍ അറിയിക്കുന്നത്. രണ്ട് പുരുഷന്മാരും രണ്ട് സ്ത്രീകളും അടങ്ങുന്നതാണ് കമ്മിറ്റി. അമ്പിളി പെരുമ്പാവൂര്‍, ശ്രീജിത്ത് നായര്‍, മൃണാള്‍ മുകുന്ദന്‍, അഡ്വ.അര്‍ഷാ വിക്രം എന്നിവരാണ് ആഭ്യന്തര തര്‍ക്ക പരിഹാര കമ്മിറ്റിയിലെ അംഗങ്ങള്‍.



ഐസിസി യുടെ ഭാഗമായി മാതൃകാ പെരുമാറ്റച്ചട്ടവും പുറത്തിറക്കി. യൂണിറ്റിലുള്ളവരെല്ലാം തന്നെ പരസ്പര ബഹുമാനത്തോടെ ജോലി ചെയ്യണമെന്നും സ്ത്രീകള്‍ക്കെതിരെ യാതൊരു തരത്തിലുള്ള ലൈംഗികാതിക്രമവും അനുവദിക്കുന്നതല്ലെന്നും പെരുമാറ്റച്ചട്ടത്തില്‍ കൃത്യമായി പറയുന്നുണ്ട്. ഇതിന് വിരുദ്ധമായി യൂണിറ്റിലാരെങ്കിലും പ്രവര്‍ത്തിച്ചാല്‍ കടുത്ത ശിക്ഷാ നടപടികളും നിയമ നടപടിയും നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പുമുണ്ട്. പരാതിയുള്ളവര്‍ക്ക് അറിയിക്കാനുള്ള ഇമെയില്‍ വിലാസവും നല്‍കിയിട്ടുണ്ട്.



തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കെതിരായ ലൈംഗീകാതിക്രമ നിരോധന നിയമം (POSH) 2013 പ്രകാരം സെറ്റുകളില്‍ Internal Complaints Committee വേണമെന്ന് WCC (Women in Cinema Collective) നിരന്തരം ആവശ്യം ഉന്നയിക്കുന്ന സാഹചര്യത്തിലാണ് കബനി ഫിലിംസ് മാതൃകാപരമായ നടപടിയുമായി മുന്നോട്ട് വന്നത്. ശ്രീജിത്ത് നായര്‍, വിനോദ് ദിവാകര്‍, മൃണാള്‍ മുകുന്ദന്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്.


ഷറഫുദ്ദീന്‍, വിന്‍സി അലോഷ്യസ് എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നവാസ് വള്ളിക്കുന്ന്, രാജേഷ് മാധവന്‍, ആര്യ സലിം, ആര്‍ജെ നില്‍ജ, ആനന്ദ് മന്‍മഥന്‍ എന്നിവരും ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

0 comments

Comments


bottom of page