2016 യൂറോ.
1972 നു ശേഷം ആദ്യമായാണ് ഹംഗറി യോഗ്യത നേടുന്നത്. എത്തിപ്പെട്ടത് ക്രിസ്ത്യാനോയുടെ പോർച്ചുഗലും ഐസ്‌ലൻഡും ഓസ്ട്രിയയുമുള്ള ശക്തമായ ഗ്രൂപ്പിൽ. ഏവരെയും ഞെട്ടിച്ചു കൊണ്ട് ഒരൊറ്റ മത്സരം പോലും തോൽക്കാതെ അവർ പ്രീ-ക്വാർട്ടർ യോഗ്യത നേടി, അതും ഗ്രൂപ്പ് ചാമ്പ്യന്മാരായിക്കൊണ്ട്. ഒരു പക്ഷെ ആ ടൂർണ്ണമെന്റിലെ തന്നെ ഏറ്റവും ആവേശകരമായ മത്സരങ്ങളിലൊന്നിൽ പോർച്ചുഗലിനെ സമനിലയിൽ തളച്ചിരുന്നു അവർ. എന്നാൽ പ്രീ-ക്വാർട്ടറിൽ ഹസാഡ്-ലുകാകു-ഡിബ്രൂയിനെ അടങ്ങിയ ബെൽജിയം അവരെ നാല് ഗോളുകൾക്ക് പരാജയപ്പെടുത്തി.
പക്ഷെ ഒന്നുറപ്പായിരുന്നു; ഹംഗറി തിരിച്ചു വരവിന്റെ പാതയിലായിരുന്നു എന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ പകുതിയിൽ ലോക ഫുട്ബോൾ ഭൂപടത്തിലെ അനിഷേധ്യ ശക്തിയായിരുന്ന അവർക്ക് തിരിച്ചു വന്നേ മതിയാകൂ.
അഞ്ച് വർഷങ്ങൾക്കിപ്പുറം വീണ്ടുമൊരു യൂറോ കപ്പ്.
ഇത്തവണ അവർ ഉള്ളത് നിലവിലെ ലോക ചാംപ്യന്മാരും യൂറോപ്യൻ ചാംപ്യന്മാരും മുൻലോക ചാംപ്യന്മാരും അടങ്ങിയ ഗ്രൂപ്പിൽ. അക്ഷരാർത്ഥത്തിൽ മരണഗ്രൂപ്പ്! ആരും ഒരത്ഭുതവും പ്രതീക്ഷിക്കുന്നില്ല. ട്രോളുകളും കളിയാക്കലുകളും ടൂർണമെന്റിന് മുൻപേ തന്നെ അവരെ വേട്ടയാടി. ജർമ്മനിയും ഫ്രാൻസും പോർച്ചുഗലും അടങ്ങുന്ന ഗ്രൂപ്പിൽ അകപ്പെട്ട അവർക്ക് കാര്യമായൊരു വെല്ലുവിളി പോലും ഉയർത്താൻ കഴിയുമെന്നാരും പ്രതീക്ഷിച്ചില്ല.
പ്രതീക്ഷ തെറ്റിയില്ല. ഹംഗറി ഈ യൂറോയിൽ ഒരു കളി പോലും ജയിച്ചില്ല. ഗ്രൂപ്പിൽ അവസാന സ്ഥാനക്കാരായി പുറത്തു പോവുകയും ചെയ്തു. പക്ഷെ തങ്ങളുടെ പോരാട്ടവീര്യത്തെ സംശയിച്ച ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരുടെ മനം നിറച്ചു കൊണ്ട് തോൽവിയിലും തലയുയർത്തിയാണ് ഹംഗറി പുറത്ത് പോകുന്നത്.
ഒരേയൊരു ഫ്രാങ്ക് പുഷ്‌കാസിന്റെ പേരിലുള്ള അവരുടെ സ്വന്തം സ്റ്റേഡിയത്തിൽ, സാക്ഷാൽ ക്രിസ്റ്റിയാനോ റൊണാൾഡോയെ അടക്കം പൂട്ടി ആദ്യ കളിയിൽ അവസാനം വരെ അവർ പൊരുതി നിന്നു. അവസാന നിമിഷമാണ് മത്സരം അവർക്കു കൈമോശം വന്നത്. രണ്ടാം മത്സരത്തിൽ സമനിലയിൽ തളച്ചത് ലോക ചാംപ്യന്മാരായ ഫ്രാൻസിനെ.
ലോകത്തെ വേറെ ഏത് സ്റ്റേഡിയത്തിലും ആ മത്സരം ഫ്രാൻസ് ജയിച്ചിരുന്നേനെ. പക്ഷെ പുഷ്കാസ് അരീനയിൽ അവർക്കതിന് കഴിയില്ലായിരുന്നു. ആർത്തു വിളിക്കുന്ന അറുപതിനായിരം ഹങ്കേറിയൻസിന്റെ വികാരം കളിക്കാർക്ക് പകർന്നത് അസാമാന്യ പോരാട്ട വീര്യമാണെന്നതിൽ സംശയമില്ല. ഈ യൂറോയിലെ ഏറ്റവും മികച്ചത് എന്ന് നിസ്സംശയം പറയാവുന്ന ആരാധകകൂട്ടം. വിജയം മാത്രം മുന്നിൽ കണ്ടു പൊരുതിയെങ്കിലും മൂന്നാം മത്സരത്തിൽ അവർക്കു ജർമ്മനിയോട് മ്യൂണിക്കിൽ വച്ച് സമനില പിടിക്കാനേ കഴിഞ്ഞുള്ളു.
തങ്ങളുടെ ലക്ഷ്യത്തിനു തൊട്ടരികെ വെച്ച് വീണു പോയെങ്കിലും കാൽപ്പന്തു കളിയെ സ്നേഹിക്കുന്ന ഓരോ മനുഷ്യനും മനസ്സറിഞ്ഞ് അവരെ അഭിനന്ദിച്ചു കാണണം. ഒരുപാടു പേരെങ്കിലും ഒരിറ്റു കണ്ണീർ പൊഴിച്ചിരിക്കണം.
പ്രിയപ്പെട്ട ഹങ്കേറിയൻസ്, നിങ്ങളോരോരുത്തർക്കും ആഘോഷിക്കാം, ആശ്വസിക്കാം. ഒരു കാലത്ത് ഫുട്ബോൾ ഭൂപടത്തിലെ ആ അനിഷേധ്യ ശക്തി ഇന്ന് തിരിച്ചു വരവിന്റെ പാതയിലാണ്. പ്രിയപ്പെട്ട പുഷ്കാസ്, താങ്കളുടെ പിന്മുറക്കാർ ലോകത്തുടനീളം ഒരിക്കൽ കൂടി ആരാധകരെ സൃഷ്ടിക്കുകയാണ്!
Comments