"ഒരു ഗായകൻ പാട്ട് കമ്പോസ് ചെയ്താലേ പാടാവൂ എന്നൊന്നും പറയുന്നതിൽ ഒരർത്ഥവുമില്ല. പാട്ടുകാരന്റെ ജോലി പാടുക എന്നുള്ളതാണ്. അത് ചിലപ്പോ സ്വന്തം കോമ്പോസിഷനായിക്കും ചിലപ്പോ മറ്റുള്ളവരുണ്ടാക്കിയ പാട്ടായിരിക്കും അല്ലെങ്കിൽ ഫോക്ക് സോങ്ങായിരിക്കും. പാട്ടുകാരന് എന്തും പാടാം" ഏറ്റവും പുതിയ അഭിമുഖത്തിൽ തന്റെ നിലപാട് വ്യക്തമാക്കുകയാണ് ഗായകൻ ഹരീഷ് ശിവരാമകൃഷ്ണൻ.
രാജ്യാന്തര തലത്തിൽ ശ്രദ്ധേയമായ അകം ബാൻഡിലെ ഗായകനായ ഹരീഷ് തന്റേതായ ശൈലിയിൽ മലയാള ചലച്ചിത്ര ഗാനങ്ങൾ അവതരിപ്പിച്ച് മലയാളികൾക്ക് പരിചിതനായ സംഗീതജ്ഞനാണ്. സിനിമാ പിന്നണി ഗാനരംഗത്തും റോക്ക് സംഗീതത്തിലും കർണ്ണാടക സംഗീത കച്ചേരികളിലും കവർ സോങ്ങുകളിലുമെല്ലാം ഒരുപോലെ നിറ സാന്നിധ്യമായ അപൂർവ്വം സംഗീതജ്ഞനാണ് അദ്ദേഹം. തന്റേതായ ശൈലിയിലുള്ള സിനിമാ പാട്ടവതരണത്തിൽ അരാധകരെപ്പോലെ ഒരു വിഭാഗം വിമർശകരും ഹരീഷിനുണ്ട്. സോഷ്യൽ മീഡിയയിലെ വിമർശകരോടുള്ള തന്റെ നിലപാടും Wonderwall Media യുടെ Here & Now ഇന്റർവ്യൂ സീരീസിൽ ഹരീഷ് വ്യക്തമാക്കുന്നുണ്ട്.
"ശരിയാണ് പറയുന്നതെങ്കിൽ നൂറ് ശതമാനം അതിനെ സ്വീകരിച്ച് ഞാൻ തിരുത്താറുണ്ട്. വെറുതേ പോകുന്ന പോക്കില് ഇന്റർനെറ്റ് കണക്ഷനും ഡേറ്റയും ഫ്രീയായത് കൊണ്ടും വെറുതേ ഇരിക്കുവാണെന്ന കാരണം കൊണ്ടും വന്നിട്ട് അറ്റാക്ക് ചെയ്യുന്നതിനെ ഞാൻ ചെറുക്കും. ഇത്രയും പ്രിവിലേജുള്ള ഞാൻ ചെറുത്തില്ലെങ്കിൽ പ്രിവിലേജ് കുറഞ്ഞ എനിക്ക് ചുറ്റുമുള്ളവർക്ക് ചെറുക്കാൻ ശക്തി ഇല്ലാതായിപ്പോവും. അതെന്റെ ഒരു രാഷ്ട്രീയമാണെന്ന് കൂട്ടിയാൽ മതി"
വരികൾ നോക്കാതെ എത്ര വേണേലും പാടാനുള്ള തന്റെ കഴിവിനെക്കുറിച്ച് പറയുമ്പോഴും സംഭവിക്കാറുള്ള ചില തെറ്റുകളെക്കുറിച്ചും എന്തുകൊണ്ട് അതുണ്ടാകുന്നുവെന്നും ഹരീഷ് വിശദീകരിക്കുന്നുണ്ട് രണ്ട് ഭാഗങ്ങളായുള്ള ഈ അഭിമുഖത്തിൽ.
Comments