രസം കൊല്ലിയായ സതാംപ്ടണിലെ കാലാവസ്ഥയെ മറികടന്നു ന്യൂസിലൻഡ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ കിരീടം ചൂടിയത് കഴിഞ്ഞ ആഴ്ചയാണ്. അവരുടെ ക്രിക്കറ്റിങ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച നേട്ടം. കെയിൻ വില്യംസൺ അവർക്കായി ആ കിരീടം ഏറ്റു വാങ്ങിയപ്പോൾ അതിലൊരു കാവ്യ നീതി ഉണ്ട്. ബൗണ്ടറികളുടെ കണക്കെപ്പടുപ്പിൽ നഷ്ടപ്പെട്ട ഏകദിന ലോകകപ്പിന് പകരമൊരു പൊൻതൂവൽ.
പക്ഷെ ഇന്ത്യൻ ആരാധകർക്ക് അത് ഹൃദയം നുറുങ്ങുന്ന കാഴ്ച. മറ്റൊരു ഐസിസി ട്രോഫി കൂടെ കയ്യെത്തും ദൂരത്ത് നഷ്ടപ്പെട്ടിരിക്കുന്നു. തോൽവിയും നിരാശകളും കണ്ണീരും ഏതൊരു കളിയെയും പോലെ ക്രിക്കറ്റിനും ബാധകമാണ്. പക്ഷെ പരാതികൾക്കിടം കൊടുക്കാത്ത ഒരു സീസണിന് ശേഷം മാത്രമാണ് ഇന്ത്യ അടിയറവ് പറഞ്ഞത്.
നമ്മളെ ആവേശകൊടുമുടിയിൽ എത്തിച്ച ഒരുപാട് വിജയങ്ങളിൽ മാറ്റു കൂടിയത് ഏതിനെന്നു നമുക്ക് സംശയമില്ല. ടെസ്റ്റ് ക്രിക്കറ്റിന്റെ തീക്ഷ്ണത ആരാധകർ അനുഭവിച്ചറിഞ്ഞ ആ ഓസ്‌ട്രേലിയൻ സമ്മർ. ഓസ്‌ട്രേലിയൻ ഗോലിയാത്തിന്റെ പരിചയസമ്പത്തിനെയും ആക്രമണത്തെയും അസാധാരണമായ പോരാട്ടവീര്യം കൊണ്ട് കീഴ്പ്പെടുത്തിയ ഇന്ത്യൻ ദാവീദുമാർ സ്വന്തമാക്കിയ ബോർഡർ-ഗാവസ്‌കർ ട്രോഫി 2020-21.
വിരാടും സംഘവും ഓസ്‌ട്രേലിയയിലേക്ക് വിമാനം കയറുമ്പോൾ ലോകമെങ്ങുമുള്ള ക്രിക്കറ്റ് പ്രവാചകന്മാർ വിധിയെഴുതി കഴിഞ്ഞിരുന്നു. പരമ്പര ഓസ്‌ട്രേലിയ തൂത്ത് വാരും. ഇന്ത്യയുടെ പരാജയത്തിന്റെ അളവുകോൽ മാത്രം അറിഞ്ഞാൽ മതി എന്ന മട്ടിലായിരുന്നു പ്രവചനങ്ങളിൽ ഏറെയും. കടുത്ത ഇന്ത്യൻ ആരാധകർ പോലും ഒന്നുലഞ്ഞിരിക്കണം ഇതെല്ലാം കണ്ട്.
അങ്ങനെ അഡ്‌ലൈഡിലെ ആദ്യ ടെസ്റ്റ്. 53 റൺസിന്റെ ഒന്നാമിന്നിങ്‌സ് ലീഡ് നേടിയ ഇന്ത്യ രണ്ടാമിന്നിങ്സിൽ ബാറ്റിങ്ങിനിറങ്ങുമ്പോൾ ഒരിന്ത്യൻ ആരാധകനും പ്രതീക്ഷിച്ചു കാണില്ലല്ലോ നമ്മൾ വെറും 36 റൺസിന്, നമ്മുടെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സ്കോറിന് പുറത്താവുമെന്ന്! പോറലേൽപ്പിക്കാൻ അവസരം കിട്ടിയാൽ കൊന്ന് കൊലവിളി നടത്തുന്ന ഓസ്‌ട്രേലിയൻ പേസ് നിര അന്ന് കാഴ്ച വച്ചതു സമാനതകളില്ലാത്ത മാന്ത്രികതയാണ്. മൂന്നേ മൂന്ന് ദിവസങ്ങൾ കൊണ്ട് കമ്മിൻസും സ്റ്റാർകും ഹേസൽവുഡും അടങ്ങിയ 'ഹോളി ട്രിനിറ്റി' നിഷ്പ്രഭരാക്കിയത് ഇന്ത്യൻ ബാറ്റിങ്ങിനെ മാത്രമല്ല ഓരോ ആരാധനകന്റെയും പ്രതീക്ഷകൾ കൂടിയായിരുന്നു.
'ഇൻസൾട്ട് ആണ് ഏറ്റവും വലിയ ഇൻവെസ്റ്റ്മെന്റ്' എന്ന് ഈയടുത്തിറങ്ങിയ വെള്ളം സിനിമയിലെ ഡയലോഗിനെ ഓർമിപ്പിക്കുന്ന രീതിയിലുള്ള ഒരു മടങ്ങി വരവാണ് പിന്നീട് കണ്ടത്. വിരാട് കോഹ്ലി നാട്ടിലേക്ക് മടങ്ങിയത് കൊണ്ട് നേതൃത്വം ഏറ്റെടുത്ത രഹാനെയുടെ കീഴിൽ എന്ത് കാണിക്കും എന്ന് സംശയിച്ചവരുടെ മുഖമടച്ചുള്ള പ്രഹരം ആയിരുന്നു മെൽബണിലെ ഇന്ത്യയുടെ വിജയം. അടിക്ക് തിരിച്ചടി എന്ന മുറയ്ക്ക് ആദ്യ ടെസ്റ്റിലെ എട്ട് വിക്കറ്റ് തോൽവിക്ക് രണ്ടാം ടെസ്റ്റിൽ എട്ട് വിക്കറ്റ് വിജയം കൊണ്ടൊരു പ്രായശ്ചിത്തം! മുന്നിൽ നിന്ന് നയിച്ച രഹാനെ നേടിയ സെഞ്ച്വറി ഇന്ത്യൻ ക്രിക്കറ്റ് നിലനിൽക്കുന്ന കാലത്തോളം വാഴ്ത്തപ്പെടും.
അഗ്രെസ്സീവ് ലീഡർ ആയ കോഹ്ലിയെ പോലെ ആയിരുന്നില്ല രഹാനെ. കരയിലേക്ക് ആഞ്ഞടിക്കുന്ന വന്യമായ സുനാമി ആണ് കൊഹ്‍ലിയെങ്കിൽ ആഴവും പരപ്പുമുള്ള എന്നാൽ പുറമേയ്ക്ക് ശാന്തമായ ഒരു സമുദ്രമാണ് രഹാനെ. അയാളുടെ ആഴം, അയാൾ നയിച്ച ഇന്ത്യൻ ടീമിന്റെ ആഴം ഓസ്സീസ് മെൽബൺ മുതൽ അറിഞ്ഞു തുടങ്ങി.
സ്വപ്നതുല്യമായ ഒരു സമനിലയാണ് മൂന്നാം ടെസ്റ്റിൽ ഇന്ത്യ സിഡ്‌നിയിൽ നേടിയെടുത്തത്. ഒരൊറ്റ സെഷൻ കൊണ്ട് കളി ഓസ്സീസിന്റെ കയ്യിൽ നിന്നും തട്ടിയെടുത്ത പന്തിന്റെ കടന്നാക്രമണത്തിൽ വിജയം നമ്മൾ പ്രതീക്ഷിച്ചെങ്കിലും ജഡേജക്കും വിഹാരിക്കും അശ്വിനും ഉണ്ടായിരുന്ന പരിക്കുകൾ വച്ച് അത് സാധ്യമായിരുന്നില്ല. പന്തിന്റെ പുറത്താകലിന് ശേഷം വിജയം മണത്ത ഓസീസ് അഴിച്ചു വിട്ടത് ഏതൊരു ബാറ്റിംഗ് നിരയെയും നിലം പരിശാക്കാൻ പോന്ന പേസ് ആക്രമണമാണ്. അവിടെയാണ് 258 പന്തുകൾ നീണ്ടു നിന്ന അശ്വിന്റെയും വിഹാരിയുടെയും ചെറുത്തുനിൽപ് ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലേക്ക് നടന്ന് കയറുന്നത്.
സ്കോർബോർഡുകൾ മാത്രം നോക്കി വിലയിരുത്തുന്നവർക്കൊരിക്കലും ഊഹിക്കാൻ പോലും കഴിയില്ല ഈ ചെറുത്തുനിൽപ്പിന്റെ മനോഹാരിത. നിരന്തരമായി ബോഡി ബ്ലോസ് ഏറ്റു വാങ്ങിയ ഒരു പ്രോപ്പർ ടോപ് ഓർഡർ ബാറ്റ്സ്മാൻ അല്ലാത്ത അശ്വിനും ഹാംസ്ട്രിങ് കാരണം ഫുട്‍വർക്കും ഓട്ടവും വല്ലാതെ പരിമിതപ്പെട്ട വിഹാരിയും അതിജീവിച്ചത് ടെസ്റ്റ് ക്രിക്കറ്റിലെ അതിമനോഹരമായ ഒരു ബൗളിങ് സെഷൻ മാത്രമല്ല, ഓസീസിന്റെ സ്വതസിദ്ധമായ എതിരാളികളെ മാനസികമായി ബാധിച്ചേക്കാവുന്ന സ്ലെഡ്ജിങ് കൂടിയായിരുന്നു! റോക്കിയിൽ സ്റ്റാലോൺ പറഞ്ഞ ഡയലോഗിനെ അന്വർത്ഥമാക്കിയ പോരാട്ടം “It ain’t about how hard you hit. Its about how hard you get hit and keep moving forward.”
സിഡ്‌നിയിലെ കളിക്കിടെ അശ്വിനെ സ്ലെഡ്ജ് ചെയ്തു കൊണ്ടിരുന്ന ഓസ്സി ക്യാപ്റ്റൻ ടിം പെയിൻ പറഞ്ഞൊരു വാചകമുണ്ട് “Can’t wait to get you to Gabba mate. Tell you what!”. ആ പറഞ്ഞതിന് കുറിക്കു കൊള്ളുന്ന മറുപടി അശ്വിൻ ഉടനെ കൊടുന്നുന്നുണ്ട് “We can’t wait to get you to India. That’ll be your last series.” പക്ഷെ ഒരു ടിറ്റ് ഫോർ ടാറ്റ് മറുപടിയിൽ ഒതുങ്ങിപ്പോയ ഒരു വെല്ലുവിളി ആയിരുന്നില്ലല്ലോ പെയിനിന്റേതു. 32 വർഷമായി ഒരു മത്സരം പോലും അവർ തോൽക്കാത്ത ബ്രിസ്‌ബേനിലെ ഗബ്ബയിലേക്ക് അവർ ഇന്ത്യയെ ആനയിച്ചത് ഒരു വേട്ടക്കൂട്ടത്തിന്റെ ആത്‌മവിശ്വാസത്തോടെയാണ്. ഒരു കാരണവശാലും ഇന്ത്യ ജയിക്കില്ല എന്ന് ലോകം മുഴുവൻ വിശ്വസിച്ച ഒരു സ്റ്റേഡിയം.
പിന്നീട് നടന്നത് അവിശ്വസനീയമാണ്! പരിക്ക് മൂലം ഒരു പരിചയസമ്പത്തുള്ള ബൗളർ പോലുമില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. ബുമ്ര, ഷമി, ജഡേജ, അശ്വിൻ തുടങ്ങി ആരും ഇന്ത്യൻ നിരയിലില്ല. പേസ് ആക്രമണം നയിക്കുന്നത് രണ്ടു ടെസ്റ്റുകളുടെ മാത്രം പരിചയസമ്പത്തുള്ള സിറാജ്. കൂട്ടിനു നടരാജനും സൈനിയും. ടീമിനൊപ്പം നെറ്റ് ബൗളർമാരായി എത്തിയ ശാർഡുൾ താക്കൂറും വാഷിംഗ്ടൺ സുന്ദറും കൂടെ ചേർന്നപ്പോൾ ആ ടെസ്റ്റിലെ ഇന്ത്യൻ ബൗളിംഗ് നിരയുടെ പരിചയസമ്പത്തെന്നത് വെറും 14 വിക്കറ്റുകൾ ആയിരുന്നു. ഓസ്സീസിന്റെ ആയിരത്തിലധികവും. ഏറെക്കുറെ ഒരു നൂറിരട്ടി പ്രഹരശേഷി തെളിയിച്ച അസാമാന്യ പ്രതിഭകൾ!
വിജയമെന്നത് ആരാധകരുടെ വിദൂര സ്വപ്നത്തിൽ പോലുമില്ലായിരുന്നു എന്നതാണ് സത്യം. 369 റൺസെടുത്ത് മികച്ച ടോട്ടൽ കണ്ടെത്തിയ ഓസ്സീസിന്റെ സ്വപ്നം 150ൽ കുറയാത്ത ലീഡ് ആയിരുന്നു. ഈ സ്വപ്നത്തിന്റെ ചിറകരിഞ്ഞത് അരങ്ങേറ്റക്കാരൻ സുന്ദറും ശാർദൂലും ചേർന്നാണ്. ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ നിന്നും ഒഴിവാക്കാൻ കഴിയാത്ത രീതിയിൽ തങ്ങളുടെ സംഭാവനകൾ രേഖപ്പെടുത്തി വച്ചൊരു 123 റൺസ് കൂട്ടുകെട്ടായിരുന്നു അവർ പടുത്തുയർത്തിയത്. ഇരുവരും ചേർന്നുള്ള പോരാട്ടം ഓസീസ് ലീഡ് വെറും 33 റൺസായി ചുരുക്കിയതോടെ മത്സരം മുറുകി.
300ൽ താഴെ രണ്ടാമിന്നിങ്സിൽ ഓസ്‌ട്രേലിയയെ ഒതുക്കി നിർത്താൻ നേതൃത്വം കൊടുത്തത് തന്റെ കരിയറിലെ ആദ്യ അഞ്ചു വിക്കറ്റ് പ്രകടനവുമായി സിറാജായിരുന്നു. പിതാവിന്റെ സ്വപ്നം നിറവേറ്റുക എന്ന സ്വപ്നം സഫലീകരിക്കാൻ അദ്ദേഹം മരിച്ചപ്പോൾ പോലും നാട്ടിലേക്ക് പോകാതെ, ഓസ്‌ട്രേലിയൻ കാണികളുടെ വംശീയ അധിക്ഷേപങ്ങൾക്ക് തുടർച്ചയായി ഇരയായി കൊണ്ടിരിക്കുമ്പോഴും പതറാതെ ഇന്ത്യൻ പേസ് നിരയെ നയിച്ച് നേടിയെടുത്ത ഒരു മധുര പ്രതികാരം! നാല് വിക്കറ്റുകൾ പിഴുത് താക്കൂറിന്റെ ഉഗ്രൻ പിന്തുണയും.
328 എന്ന വമ്പൻ ലക്ഷ്യം പിന്തുടർന്നപ്പോൾ തുടക്കത്തിൽ രോഹിതിനെ നഷ്ടപ്പെട്ടെങ്കിലും തന്റെ അരങ്ങേറ്റ പരമ്പര അവിസ്മരണീയമാക്കിയ മറ്റൊരു ഇന്നിംഗ്സിലൂടെ ശുഭ്മൻ ഗിൽ ഇന്ത്യയുടെ ചേസിനു ചുക്കാൻ പിടിക്കുന്നു. സെഞ്ച്വറിക്ക് 9 റൺസ് അകലെ വീണു പോയെങ്കിലും അത് ഇന്ത്യൻ ക്യാമ്പിന് നൽകിയ പ്രതീക്ഷകൾ ക്യാപ്റ്റൻ രഹാനെ ബാറ്റ് വീശിയ ശൈലിയിൽ തെളിഞ്ഞു നിന്ന്. 100 ന് മുകളിൽ സ്ട്രൈക്ക് ചെയ്തിരുന്ന രഹാനെ പെട്ടെന്ന് പോയെങ്കിലും ഇത്തവണ സമനിലയ്ക്കല്ല മറിച്ചു ജയിക്കാനാണ് കളിക്കുന്നതെന്നു വ്യക്തമായിരുന്നു.
ഇതേ സമയം ഒരറ്റത്ത് നങ്കൂരമിട്ടു ബാറ്റേന്തിയ പൂജാര. എങ്ങനെ വിസ്മരിക്കാനാകും അദ്ദേഹം ഏറ്റു വാങ്ങിയ ബോഡി ബ്ലോസിനെ. ഹെൽമെറ്റും ഗാർഡും തകർത്ത തീ പാറുന്ന ബോളുകൾ. കൈവിരൽ ഒടിഞ്ഞെന്ന് തോന്നിച്ച നിമിഷം. ഏവരും ജയിക്കാനായി കളിച്ചപ്പോൾ പൂജാര കളിച്ചത് ഇന്ത്യ തോൽക്കാതിരിക്കാനാണ്. ടെസ്റ്റ് ക്രിക്കറ്റ് അറ്റ് ഇറ്റ്സ് ബെസ്റ്റ്!
പുജാരയ്ക്കൊപ്പം പന്ത് കൂടെ ചേരുന്നതോടെ നമ്മൾ കാണുന്നത് സമകാലീന ടെസ്റ്റ് മത്സരങ്ങളിലെ പകരം വയ്ക്കാനില്ലാത്ത ഒരു അവസാന ദിവസം. പന്തിനെ കുറിച്ചെന്തു പറയാനാണ്. ഒരൊറ്റ സെഷൻ കൊണ്ട് അഞ്ചു ദിവസത്തെ കളിയുടെ ഗതിയപ്പാടെ മാറ്റാൻ കഴിവുള്ളവൻ ആണ് താനെന്ന് സ്വതസിദ്ധമായ ശൈലിയിൽ ഉറക്കെ വിളിച്ചു പറയുകയാണയാൾ.
കമ്മിൻസ് പൂജാരയുടെ ഡിഫെൻസ് ഭേദിച്ച് അദ്ദേഹത്തെയും പിന്നീട് പുറകെ വന്ന മായങ്കിയനെയും മടക്കിയതിനു ശേഷം പന്തിനു കൂട്ടായെത്തിയ അരങ്ങേറ്റക്കാരൻ സുന്ദർ നടത്തിയ പ്രത്യാക്രമണം നശിപ്പിച്ചു കളഞ്ഞത് ഓസ്സീ ആത്‌മവിശ്വാസത്തെയാണ്. ആ ഇരുപത്തിയൊന്ന് വയസ്സുകാരൻ ലോക ഒന്നാം നമ്പർ ബൗളറെ സിക്സിറിനു പായിച്ചത് രോമാഞ്ചത്തോടെയല്ലാതെ ഒരിന്ത്യൻ ആരാധകനും ഓർക്കില്ല! മൂല്യം അളക്കാനാവാത്ത ആ 22 റണ്ണുകൾ പന്തിനൊപ്പം ഇന്ത്യയെ വിജയത്തിനടുത്തെത്തിക്കുന്നു. സുന്ദർ പോയെങ്കിലും ഇന്ത്യ വിജയം ഉറപ്പിച്ചിരുന്നു. താക്കൂറിന്റെ കൂടെ വിക്കറ്റ് ഓസ്സീസ് കൈക്കലാക്കി. പക്ഷെ ഐതിഹാസികമായ ഇന്ത്യൻ വിജയം തടയാനില്ല അവർക്ക്.
മാച്ച് സേവിങ് പ്രകടനങ്ങളും മാച്ച് വിന്നിംഗ് പ്രകടനങ്ങളും ഒരു പോലെ തിളങ്ങി നിന്ന ഈ ആവേശകരമായ മത്സരം ടെസ്റ്റ് ക്രിക്കറ്റിന്റെ സൗന്ദര്യവും തീഷ്ണതയും വിളിച്ചോതുന്നവയായിരുന്നു. 32 വർഷങ്ങൾക്ക് ശേഷം ഓസ്സീസ് ഗബ്ബയിൽ പരാജയപ്പെട്ടിരിക്കുന്നു! ഇന്ത്യൻ ദാവീദുമാർ ഓസ്സി ഗോലിയാത്തിനെ അവരുടെ മടയിൽ നിഷ്പ്രഭരാക്കുന്നു! അവിശ്വസനീയം എന്നെഴുതിയാൽ കുറഞ്ഞ് പോകും!
അഡ്‌ലൈഡിൽ ഓസീസ് കൂട്ടക്കുരുതി ചെയ്ത് തകർത്തു കളഞ്ഞ ഇന്ത്യൻ ടീമിന്റെ ഈ അവിശ്വസനീയമായ തിരിച്ചു വരവ് ഊർജ്ജം പകർന്നത് ടെസ്റ്റ് എന്ന ക്രിക്കറ്റിന്റെ ഏറ്റവും ഡിമാൻഡിങ് ആയ ഫോർമാറ്റിന് കൂടിയാണ്. നിസ്സംശയം പറയാം കളിക്കാരുടെ സ്കില്ലിനെയും കായികക്ഷമതയെയും മനോനിലയെയും ഇതുപോലെ പരീക്ഷിക്കുന്ന മറ്റൊരു ഫോർമാറ്റില്ല! ടിട്വൻറിയും ഐപിഎല്ലും അരങ്ങ് വാഴുന്ന പുതിയ കാലത്ത് ടെസ്റ്റ് ക്രിക്കറ്റ് അതിന്റെ വന്യമായ സൗന്ദര്യം കൊണ്ട് ആരാധകരെ ആവേശത്തിന്റെ പരകോടിയിൽ എത്തിക്കുന്നതിനേക്കാൾ മികച്ചൊരു കാഴ്ചയില്ല!
നന്ദി ടീം ഇന്ത്യ. ലോക കിരീടം കൈവിട്ട് പോയിരിക്കാം, പക്ഷെ ഓർമയിലെന്നും നിലനിൽക്കുന്ന, ക്രിക്കറ്റ് ഉള്ളിടത്തോളം കാലം വാഴ്ത്തപ്പെടേണ്ട പ്രകടനങ്ങൾ കൊണ്ടൊരു ഓസ്‌ട്രേലിയൻ വേനൽ സമ്മാനിച്ചതിന്. ടേക്ക് എ ബോ & ഗോ എഗൈൻ ഫോർ ഗ്ലോറി.
Comentários