മലയാളികൾക്കിടയിൽ ട്രെൻഡിങ്ങായ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ക്ലബ് ഹൗസിൽ കഴിഞ്ഞ ദിവസം 'പൃഥ്വിരാജ് സുകുമാരൻ' എത്തി. സെലിബ്രിറ്റികൾ വന്ന് പോകുകയും സംസാരിക്കുകയും ചെയ്യുന്ന ഇടമായതിനാൽ കേൾവിക്കാർക്ക് സംശയം തോന്നിയില്ല. അതേ ശബ്ദം മാത്രമല്ല പൃഥ്വിയുടെ ഒഫീഷ്യൽ ഇൻസ്റ്റഗ്രാം ഐഡിയായ @therealprithvi എന്നായിരുന്നു യൂസർ നെയിം. ഒരു റൂമിലെ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയും ചെയ്തു. ഫോളോവേഴ്സും കൂടി. എന്നാൽ ചിലർ ഇത് കയ്യോടെ പിടിച്ചതോടെ താൻ മിമിക്രി കലാകാരനാണെന്ന് അപരൻ വെളിപ്പെടുത്തി.
പൃഥ്വിരാജിന്റെ ആരാധകർ സോഷ്യൽ മീഡിയയിൽ പ്രൊഫൈൽ കണ്ടെത്തി സൈബർ അറ്റാക്ക് തുടങ്ങിയതോടെ സൂരജ് എന്ന മിമിക്രി ആർട്ടിസ്റ്റ് തന്റെ ഇൻസ്റ്റഗ്രാം ഫ്രൊഫൈലിൽ താരത്തോട് മാപ്പ് പറഞ്ഞ് പോസ്റ്റിട്ടു.
അപരനായി എത്തിയ താൻ കടുത്ത ആരാധകനാണെന്നും പറ്റിക്കാനല്ല എൻറർടെയിൻ ചെയ്യാനാണ് ഐഡി ഉണ്ടാക്കിയതെന്നും വെളിപ്പെടുത്തിയാണ് മാപ്പ് പറഞ്ഞത്. പൃഥ്വിരാജ് ഇക്കാര്യം സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചു. കുറ്റസമ്മതം നടത്തിയതിൽ സന്തോഷമുണ്ടെന്നും മിമിക്രി എന്ന മനോഹരമായ കലയിൽ നല്ല ഭാവി ഉണ്ടാകട്ടെയെന്നും ആരാധകനെ ആശംസിച്ച പൃഥ്വിരാജ്, Online Abusing താൻ അംഗീകരിക്കില്ലെന്നും നിർത്തണമെന്നും ആരാധകരോട് അഭ്യർത്ഥിച്ചു. ക്ലബ്ഹൗസിൽ തനിക്ക് പ്രൊഫൈൽ ഇല്ലെന്നും താരം ആവർത്തിച്ചു.
Good