top of page
POPADOM

ആ വയലിൻ നിലച്ചിട്ട് 3 വർഷം. ഓർമയിൽ ബാലഭാസ്ക്കർ.

വയലിൻ തന്ത്രികളിൽ മാന്ത്രികത സൃഷ്ടിച്ച ആ പുഞ്ചിരി മാഞ്ഞിട്ട് ഇന്ന് മൂന്ന് വർഷം തികയുന്നു.


2018 ഒക്ടോബർ രണ്ടിനാണ് തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടയിലുണ്ടായ വാഹനാപകടത്തെ തുടർന്ന് ബാലഭാസ്ക്കർ വിടവാങ്ങിയത്.


വളരെ ചെറുപ്രായത്തിൽ തന്നെ ജീവശ്വാസമായി കൂടെ കൂട്ടിയ വയലിനൊപ്പമല്ലാതെ ബാലഭാസ്ക്കറിനെ ഓർമിക്കുവാൻ മലയാളികൾക്ക് ആവില്ല. ഫ്യൂഷൻ സംഗീതത്തിന്റെ സാധ്യതകൾ തിരിച്ചറിഞ്ഞ ബാലഭാസ്ക്കർ ചിട്ടപ്പെടുത്തിയ ഗാനങ്ങൾ ഒരുകാലത്ത് കേരളത്തിലെ യുവത്വം ഏറ്റെടുക്കുകയായിരുന്നു. എത്ര കേട്ടാലും മടുക്കാതെ ബാലഭാസ്ക്കറിന്റെ വയലിൻ വിസ്മയത്തിന് സാക്ഷിയാകാൻ പിന്നെയും പിന്നെയും മലയാളി കൊതിച്ചു.



17-ാം വയസിൽ 'മംഗല്ല്യപ്പല്ലക്ക്' എന്ന സിനിമയ്ക്കു സംഗീതസംവിധാനം നിർവ്വഹിച്ചുകൊണ്ട് ചലച്ചിത്ര രംഗത്തേക്ക് കടന്നു വന്ന ബാലാഭാസ്ക്കറിനെ സിനിമയുടെ നിറപ്പകിട്ടുകൾ ഒന്നും തന്നെ ഭ്രമിപ്പിച്ചില്ല. 'മംഗല്യപ്പല്ലക്കി'നു ശേഷം 'കണ്ണാടിക്കടവത്ത്' എന്ന സിനിമയ്‍ക്കും സംഗീതസംവിധാനം നിര്‍വ്വഹിച്ചെങ്കിലും പിന്നീട് കുറച്ചു നാൾ സിനിമയിൽ നിന്നും വിട്ടുനിന്നു. യേശുദാസ്, കെ എസ് ചിത്ര,മട്ടന്നൂർ ശങ്കരൻകുട്ടി, ശിവമണി, കലാമണ്ഡലം ഹൈദരലി തുടങ്ങിയ നിരവധി സംഗീതജ്ഞർക്കൊപ്പം ഇന്ത്യക്ക് അകത്തും പുറത്തുമായി തന്റെ വയലിൻ സംഗീതവുമായി ബാലഭാസ്ക്കർ യാത്ര ചെയ്തു. 'ബാലലീല' എന്ന പേരില്‍ സ്വന്തം സംഗീത പരിപാടികളുമായും അദ്ദേഹം ലോകം ചുറ്റി.


കേരളത്തിലെ ആദ്യ മ്യൂസിക് ബാൻഡുകളിൽ ഒന്നായ 'കോൺസൺട്രേറ്റഡ് ഇൻ ടു ഫ്യൂഷൻ (കൺഫ്യൂഷൻ) ബാലഭാസ്ക്കർ തുടങ്ങിയത് കോളേജ് പഠനകാലത്താണ്.



പ്രശസ്ത മാധ്യമപ്രവർത്തകനും എഴുത്ത്കാരനുമായ രവി മേനോൻ ബാലഭാസ്ക്കറിന്റെ ഓർമദിനത്തിൽ എഴുതിയ കുറിപ്പിൽ വയലിനോടുള്ള അദ്ദേഹത്തിന്റെ അടുപ്പത്തെ കുറിച്ച് പറയുന്നുണ്ട്. ഗായകൻ പി ജയചന്ദ്രനോട് ബാലഭാസ്ക്കർ പറഞ്ഞതാണ് രവിമേനോൻ ഓർത്തെഴുതിയത്.


"എനിക്ക് സിനിമയോട് ഭ്രമമില്ല സാർ. സിനിമയല്ല എന്റെ സ്വപ്നം. യാദൃശ്ചികമായി ഇവിടെ വന്നുപെട്ടു എന്നേയുള്ളൂ. എന്റെ ജീവിതം തന്നെ വയലിനാണ്. സിനിമയൊക്കെ അതുകഴിഞ്ഞേ വരൂ..''


ഒരു വർഷത്തിനകം ബാലഭാസ്ക്കറിന് വേണ്ടി ജയചന്ദ്രൻ പാടി. 'നിനക്കായ്' എന്ന ആൽബത്തിൽ ഈസ്റ്റ് കോസ്റ്റ് വിജയൻ എഴുതിയ ബാലാഭാസ്ക്കറിന് വേണ്ടി ജയചന്ദ്രൻ പാടിയ "ഒന്നിനുമല്ലാതെ എന്തിനോ തോന്നിയൊരിഷ്ടം, എനിക്കെപ്പോഴോ തോന്നിയൊരിഷ്ടം'' സിനിമാഗാനങ്ങളെക്കാൾ ജനപ്രിയമായി മാറിയ ആൽബം ഗാനം.



"ഞാൻ ഏറ്റവും ആസ്വദിച്ച് കംപോസ് ചെയ്ത ഗാനമാണത്'' പിന്നീടൊരിക്കൽ ഒരു സ്വകാര്യ സംഭാഷണത്തിൽ ബാലു പറഞ്ഞ വാക്കുകൾ ഓർമ്മവരുന്നു.


"പ്രണയിനിയെ കുറിച്ചാണ് അതിന്റെ വരികൾ. അവ ചിട്ടപ്പെടുത്തുമ്പോൾ ഞാൻ എന്റെ കാമുകിയെ ഓർത്തു. മറ്റാരെയുമല്ല, എന്റെ പ്രിയപ്പെട്ട വയലിനെ. 'രാഗമായ് അത് താളമായ് നീയെനിക്കാത്മാവിൻ ദാഹമായി, ശൂന്യമാം എൻ ഏകാന്തതയിൽ പൂവിട്ടൊരു അനുരാഗമായ്' എന്നൊക്കെയുള്ള വരികൾ ചിട്ടപ്പെടുത്തുമ്പോൾ എന്റെ വയലിൻ തന്നെയായിരുന്നു മനസ്സിൽ...''

0 comments

Comentários


bottom of page