എസ് പി ബാലസുബ്രഹ്‍മണ്യം അവസാനമായി ആലപിച്ച ഗാനം റിലീസ് ചെയ്തു. സിരുത്തൈ ശിവയുടെ 'അണ്ണാത്തെ' എന്ന രജനികാന്ത് ചിത്രത്തിലെ ഗാനമാണിത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ശ്രദ്ധേയമായിരിക്കുകയാണ് 'അണ്ണാത്തെ അണ്ണത്തെ' എന്ന ഈ പാട്ട്. രജനികാന്ത് ചിത്രങ്ങളിൽ ഒരു എസ് പി ബി ഗാനം പതിവുള്ളതായിരുന്നു. പാട്ട് റിലീസ് ചെയ്തതിനു പിന്നാലെ വളരെ വൈകാരികമായ ഒരു കുറിപ്പും രജനികാന്ത് ആരാധകരുമായി പങ്കുവെക്കുകയുണ്ടായി.
"45 വര്‍ഷമായി എന്റെ ശബ്‍ദമായിരുന്നു എസ്‍ പി ബി. 'അണ്ണാത്തെ' എന്ന ചിത്രത്തിനു വേണ്ടി പാടുമ്പോൾ അത് അദ്ദേഹം എനിക്ക് വേണ്ടി പാടുന്ന അവസാന ഗാനമാണെന്ന് ഞാൻ സ്വപ്‍നത്തിൽ പോലും കരുതിയിരുന്നില്ല. എസ്‍ പി ബി അദ്ദേഹത്തിന്റെ ശബ്‍ദത്തിലൂടെ എന്നേയ്‍ക്കും ജീവിക്കും" രജനികാന്ത് ട്വിറ്ററിൽ കുറിച്ചു.
അണ്ണാത്തെ എന്ന രജനി ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് ഡി ഇമ്മൻ ആണ്. വിവേക ആണ് ഗാനരചന. 'ദര്‍ബാറി'ന് ശേഷം രജനിയുടെ നായികകയായി നയന്‍താര എത്തുന്ന ചിത്രത്തിൽ മീന, ഖുശ്‍ബു, കീര്‍ത്തി സുരേഷ്, സൂരി, പ്രകാശ് രാജ് എന്നിവരും അഭിനയിക്കുന്നു.
രജനികാന്തും സംവിധായകന്‍ ശിവയും ആദ്യമായി ഒന്നിക്കുന്ന ചിത്രം നിർമിക്കുന്നത് സണ്‍ പിക്ചേഴ്‍സ് ആണ്. നവംബര്‍ 4ന് ദീപാവലി റിലീസായി ചിത്രം തീയേറ്ററുകളില്‍ എത്തും.
Comentarios