അട്ടപ്പാടിയിൽ ആൾക്കൂട്ട മർദ്ദനത്തിൽ മരിച്ച ആദിവാസി യുവാവ് മധുവിന്റെ ജീവിതത്തെ ആസ്‌പദമാക്കി ഒരുങ്ങുന്ന 'ആദിവാസി - The black death' എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു. ഏരീസ് ഗ്രൂപ്പിന്റെ ബാനറില്‍ കവിയും സംവിധായകനുമായ ഡോ. സോഹന്‍ റോയ് നിർമിക്കുന്ന ചിത്രം വിജീഷ് മണിയാണ് സംവിധാനം ചെയ്യുന്നത്.
'മുടുക' എന്ന ഗോത്ര ഭാഷയിലാണ് ചിത്രം ഒരുങ്ങുന്നത്. "കെണിയാണെന്നറിയാം അത് നിന്റെയാണെന്നുമറിയാം പക്ഷേ വിശപ്പിനോളം വരില്ലല്ലോ ഒരു മരണവും...!" പവിത്രൻ തീക്കുനിയുടെ ഈ വരികൾ കുറിച്ചുകൊണ്ടാണ് അപ്പാനി ശരത് സിനിമയുടെ പോസ്റ്റർ പങ്കുവെച്ചത്.
"സംഭവം അറിഞ്ഞ നാൾ മുതൽ മധുവിന്റെ ജീവിതം ഞാൻ പഠിക്കുകയായിരുന്നു. പട്ടിണി അനുഭവിച്ചിട്ടുള്ളതിനാൽ മധുവിന്റെ അടുത്തേക്കെത്താൻ ദൂരമുണ്ടായിരുന്നില്ല. എന്റെ അഭിനയ ജീവിതത്തിലെ ഒരു മഹാഭാഗ്യമാണ് ഈ കഥാപാത്രം" അപ്പാനി ശരത് സോഷ്യൽ മീഡിയയിൽ കുറിച്ചു.
മധുവിന്റെ മരണത്തെ ആസ്പദമാക്കി ഡോ. സോഹൻ റോയ് എഴുതിയ 'യാത്രാമൊഴി' എന്ന കവിതയാണ് ഈ ചിത്രത്തിന് പ്രചോദനം ആയത്. വിശപ്പ്, വർണ്ണ വിവേചനം, പരിസ്ഥിതി പ്രശ്നങ്ങൾ, കാലാവസ്ഥ വ്യതിയാനം എന്നിവയാണ് ചിത്രത്തിന് ഇതിവൃത്തമാകുന്നത്.
പി മുരുഗേശ്വരൻ ഛായാഗ്രഹണംനിർവ്വഹിക്കുന്ന നിർവഹിക്കുന്ന ചിത്രത്തിന് സംഭാഷണം ഒരുക്കുന്നത് എം തങ്കരാജ് ആണ്. ഒക്ടോബറിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിൽ ശരത് അപ്പാനിയോടൊപ്പം നിരവധി ആദിവാസി കലാകാരന്‍മാരും അഭിനയിക്കുന്നു.
Comments